അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഏപ്രിൽ പത്തിന് പുറത്തിറങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈം സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 15 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ മൂന്ന് മിനിറ്റുമാണ് ഉണ്ടാകുക. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ഈ അജിത്തിനെയാണ് ഞങ്ങളും കാണാൻ കാത്തിരുന്നതെന്നാണ് ആരാധകർ പറയുന്നത്. ട്രെയിലറിലെ അജിത്തിന്റെ ലുക്കിനെയാണ് ആരാധകർ ഏറ്റവും കൂടുതൽ പുകഴ്ത്തുന്നത്. നടി സിമ്രാനും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. പ്രിയാ വാര്യർ, ഷൈൻ ടോം ചാക്കോ തുടങ്ങി മലയാളി അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്.