ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിൽ. ആകെ 26.17 ഗ്രാം എംഡിഎംഎ, 533 ഗ്രാം കഞ്ചാവ്, 100 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2276 പേരെയാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്.
കഴിഞ്ഞ മാസത്തിനിടെ ലഹരിമരുന്ന് പരിശോധനയുടെ ഭാഗമായി 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. അബ്കാരി കേസുകളിൽ ഒളിവിലായിരുന്ന പ്രതികൾ ഉൾപ്പെടെ 1501 പേരെയും ലഹരിമരുന്ന് കേസുകളിലായി 1316 പേരെയും എക്സൈസ് അറസ്റ്റ് ചെയ്തു. 1686 അബ്കാരി കേസുകളും 1313 ലഹരിമരുന്ന് കേസുകളും 7483 പുകയില കേസുകളും ഉൾപ്പെടെ 10,495 കേസുകളാണ് കഴിഞ്ഞ മാസം മാത്രം എക്സൈസ് റജിസ്റ്റർ ചെയ്തത്.