മലപ്പുറത്തേക്കുറിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പി.കെ. ബഷീർ. മലപ്പുറത്തുകാർക്ക് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മലപ്പുറത്തിന്റെ പാരമ്പര്യം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ മലപ്പുറംകാരെ മലപ്പുറത്തിന്റെ പാരമ്പര്യം പഠിപ്പിക്കേണ്ട. ഉള്ളിലുള്ളത് ചിലപ്പോഴൊക്കെ തികട്ടി പുറത്തുവരുന്നതാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യയ്ക്കും ലോകത്തിനുമൊക്കെ മാതൃകയായ ജനങ്ങളാണ് മലപ്പുറത്തുള്ളത്. സംഘപരിവാറിനേക്കാൾ കൂടിയമട്ടിൽ, മറ്റു കാര്യങ്ങൾ നേടാനായി ഒരു സമൂഹത്തെയും ഒരു ജില്ലയെയും ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞതുകൊണ്ടൊന്നും ഞങ്ങൾ കുലുങ്ങില്ല. വെള്ളാപ്പള്ളിയുടെ ഒരു സർട്ടിഫിക്കറ്റും ഞങ്ങൾക്ക് ആവശ്യമില്ല. ഓന്തിനേപ്പോലെ നിറംമാറുന്ന വെള്ളാപ്പള്ളിയേപ്പറ്റി നന്നായി അറിയാം’, പി.കെ. ബഷീർ പറഞ്ഞു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങൾക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. അവർക്കിടയിൽ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശങ്ങൾ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പിന്നാക്കവിഭാഗക്കാർക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയർസെക്കൻഡറി സ്കൂളോ ഇല്ല. തൊഴിലുറപ്പുണ്ടായിരിക്കും. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്കവിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്നങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.