പത്തനംതിട്ട: എസ്‌എസ്‌എൽസി പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ കാശ്. കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷാഹാളിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ പെരുമാറ്റം കണ്ട് അസ്വാഭാവികത തോന്നിയ അദ്ധ്യാപകൻ ബാഗ് പരിശോധിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷം ആഘോഷം നടത്താനായി ശേഖരിച്ച പണമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.മറ്റൊരു വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെത്തി. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് ആന്മുള പൊലീസ് കൗൺസലിംഗ് നൽകുകയാണ്. വിദ്യാർത്ഥികൾക്ക് ആരാണ് മദ്യം വാങ്ങി നൽകിയതെന്നതിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയ്ക്ക് പിന്നാലെ അദ്ധ്യാപകർ രക്ഷിതാക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് മദ്യം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും മറ്റ് ലഹരികൾ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. ലഹരിയിടപാടിന് കുട്ടികളെ ഉപയോഗിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ആഘോഷങ്ങളില്ലാതെ വീട്ടിലേക്ക്
ആഘോഷങ്ങളും അമിത ആഹ്ലാദ പ്രകടനങ്ങളുമില്ലാതെയാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങിയത്. അവസാന ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണമേർപ്പെടുത്തിയതോടെ പരീക്ഷ കഴിഞ്ഞ് വേഗത്തിൽ തന്നെ കുട്ടികളെല്ലാം മടങ്ങുകയായിരുന്നു. പോകാൻ മടിച്ചവരെ അദ്ധ്യാപകർ പറഞ്ഞ് മനസിലാക്കി വീട്ടിലേക്കയച്ചു.
രക്ഷിതാക്കളിൽ കൂടുതൽ പേരും സ്കൂളിലെത്തിയിരുന്നു. എല്ലാ സ്കൂളുകളിലും പൊലീസിന്റെ ശക്തമായ പട്രോളിംഗുമുണ്ടായിരുന്നു. ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും പൊലീസ് പ്രത്യേക പരിശോധന നടത്തി. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ നിന്ന കുട്ടികളെ പൊലീസ് സ്ഥലം ചോദിച്ചറിഞ്ഞ് ബസിൽ കയറ്റി വിട്ടു. ഉച്ചയോടെ കുട്ടികളെല്ലാം പോയി എന്ന് ഉറപ്പ് വരുത്തിയാണ് പൊലീസ് മടങ്ങിയത്.








