മലപ്പുറം: മണാലിയിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 200 ഗ്രാം ഡ്രൈ ഹാഷിഷും 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കരുളായി മില്ലുംപടി സ്വദേശി തൊണ്ടിപുറവൻ ഷാറൂഖ് (27) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെയും ഡാൻസാഫിന്റെയും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിർദേശപ്രകാരം ഇന്ന് രാവിലെ 7 മണിക്ക് ഷാറൂഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്.മലാന ക്രീം എന്നറിയപ്പെടുന്ന ഹാഷിഷ് 500 രൂപയുടെ ചെറിയ പാക്കറ്റുകളാക്കിയാണ് പ്രതി വിറ്റിരുന്നത്. സുഹൃത്തുക്കളോടൊപ്പം മണാലിയിൽ റിസോർട്ട് നടത്തുന്ന പ്രതി അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് ഹാഷിഷ് ശേഖരിച്ച് നാട്ടിൽ വിൽക്കുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് ഷാറൂഖിനെതിരെ പൂക്കോട്ടുംപാടം, എടക്കര, നടക്കാവ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും.എസ്ഐ അനുശ്രീ പി വി, എഎസ്ഐ ജാഫർ എ, സിപിഒ ഉമ്മർ ഫാറൂഖ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.