ഡല്‍ഹി: ഡൽഹി മഹിപാൽപൂരിൽ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു. രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കൈലാഷ്,വസിം എന്നിവരാണ് അറസ്റ്റിലായത് . ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മിഷനെ വിവരമറിയിച്ചു.കൈലാഷ് സമൂഹമാധ്യമം വഴി ബ്രിട്ടീഷ് വനിതയുമായി പരിചയപ്പെടുകയും ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നിശ്ചയിക്കുകയുമായിരുന്നു.
“സോഷ്യൽ മീഡിയ വഴി യുവാവുമായി സൗഹൃദത്തിലായ സ്ത്രീ ഇയാളെ കാണാൻ യുകെയിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷ് ഹൈക്കമ്മീഷനും നൽകിയിട്ടുണ്ട്,” പൊലീസ് പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ വസുന്ധരയിൽ താമസിക്കുന്ന കൈലാഷ് റീലുകളിലൂടെയും മറ്റും ഇന്‍സ്റ്റഗ്രാമിൽ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് വനിതയുമായി പരിചയത്തിലാകുന്നത്. മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് തന്നെ കാണാന്‍ യുവതി കൈലാഷിനെ ക്ഷണിക്കുന്നത്. എന്നാൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും ഡൽഹിയിലേക്ക് വരാനും കൈലാഷ് യുവതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് യുവതി ഡൽഹിയിലെത്തുകയും മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൈലാഷ് സുഹൃത്ത് വസീമിനൊപ്പം ഹോട്ടലിലെത്തുകയായിരുന്നു. മൂവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്തതിന് ശേഷമാണ് പീഡനം നടന്നത്. കൈലാഷ് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതി എതിര്‍ക്കുകയും ഇതോടെ വസീമിനെ മുറിയിലേക്ക് വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡനത്തിന് ഇരയാക്കി. തൊട്ടടുത്ത ദിവസം യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കൈലാഷ്. ഇയാൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും തന്നോട് ആശയവിനിമയം നടത്താൻ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.