തൃശ്ശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്.
രണ്ടുമാസം മുമ്പ് നാലു വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന പാലക്കാട് പനയംപാടത്ത് വീണ്ടും ലോറി അപകടം. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കെ.കെ. സുബീഷ് (37) ആണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പനയംപാടം ദുബായ്കുന്നിൽ വെച്ചാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ അപകടം സംഭവിച്ചത്.
കോഴിക്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. സുബീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം