ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ നിയമം പരിഷ്കരിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന റെയിൽവേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എം.പിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്. തിരക്കേറിയ റെയിൽവേ സ്റ്രേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാർശ ചെയ്യുന്നു. ട്രെയിൻ വരുന്നതിന് മുൻപ് മാത്രം കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് യാത്രക്കാരെ സ്റ്റേഷനകത്ത് പ്രവേശിപ്പിക്കുന്നതാണ് പുതിയ രീതി. രാജ്യത്തെ തിരക്കേറിയ 60 റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറക്കുന്നത്.
ഡൽഹി, വാരാണസി, ആനന്ദ് വിഹാർ, അയോദ്ധ്യ, പാറ്റ്ന എന്നിവിടങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറക്കാൻ പോകുന്നതെന്ന് റെയിൽവേ മന്ത്രി സഭയെ അറിയിച്ചു.
ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് പോകാനെത്തിയ യാത്രക്കാർ അപകടത്തിൽപെട്ട സമയത്ത് സിസി ടിവി ഓഫ് ചെയ്തെന്ന പ്രതിപക്ഷ വാദം നുണയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ ഉണ്ടെന്നും അവ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.