വയനാട് : മുണ്ടക്കൈചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 പേരെ നേരിൽകണ്ട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ആദ്യ ദിനത്തിൽ 125 ഗുണഭോക്താക്കൾക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയർപേഴ്സൺ കത്ത് നൽകിയത്. കളക്ടറേറ്റിൽ എത്തിയ 107 പേരിൽ 12 പേർ വീടിനായി സമ്മതപത്രം നൽകി. ഒരാൾ സാമ്പത്തിക സഹായത്തിന് സമ്മതപത്രം നൽകി. എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് നിർമ്മിക്കുന്ന ടൗൺഷിപ്പിൽ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സംബന്ധിച്ച് സമ്മതപത്രം സ്വീകരിക്കുന്നതിനായി നടത്തിയ ആദ്യ ദിന കൂടിക്കാഴ്ചയിൽ മേപ്പാടി ഗ്രാമപഞ്ചയാത്തിലെ 10,11,12 വാർഡുകളിലെ 107 ആളുകളെയാണ് ജില്ലാ കളക്ടർ നേരിൽ കണ്ടത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അതിവേഗം വീടെന്ന സർക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരിൽ കണ്ട് സംസാരിക്കുന്നതെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. സംഘടനകൾ, സ്‌പോൺസർമാർ, വ്യക്തിക്കൾ എന്നിവർ വീട് വെച്ച് നൽകുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.
ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ കുട്ടിയുടെ രക്ഷിതാവെന്ന പേരിലും പ്രായപൂർത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. ഗുണഭോക്തൃ ലിസ്റ്റിലുൾപ്പെട്ടവർക്ക് ടൗൺഷിപ്പിൽ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് മാർച്ച് 24 വരെ സമ്മതപത്രം നൽകാം.
ലഭിക്കുന്ന സമ്മതപത്രത്തിൽ പരിശോധനയും സമാഹരണവും ഏപ്രിൽ 13 പൂർത്തിയാക്കും.
ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലും വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും. ദുരന്ത ഭൂമിയിൽ വിദഗ്ധസമിതി പോകാൻ പാടില്ലെന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്നും ആളുകൾ സ്വമേധയ ഒഴിയണം. ദുരന്ത ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റി നിർമ്മാണ വിലക്ക് ഭൂമിയായി പ്രഖ്യാപിക്കും. ദുരന്തമേഖലയിൽ താമസം, കച്ചവടം എന്നിവ അനുവദിക്കില്ല. ദുരന്തത്തിൽ കേടുപാട് സംഭവിച്ച വീടുകൾ സർക്കാർ ഡി.ഡി.എം.എയുടെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റും. പൊളിച്ചു മാറ്റുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റു വസ്തുക്കൾ ആളുകൾക്ക് എടുക്കാം. ദുരന്ത പ്രദേശത്തെ ഭൂമിയുടെ അവകാശം അതത് ഭൂഉടമകൾക്ക് മാത്രമായിരിക്കും. ഭൂമി കൃഷിയാവശ്യങ്ങൾക്ക് മാത്രമായി അനുവദിക്കും. ഒന്നിലധികം വീട് നഷ്ടപ്പെട്ടവർക്ക് ഒരു വീട് ടൗൺഷിപ്പിൽ ഉറപ്പാക്കും. നഷ്ടമായ മറ്റു വീടുകൾക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും.
അതേസമയം ജില്ലാ കളക്ടറെ നേരിൽ കണ്ട ഗുണഭോക്താക്കൾ ടൗൺഷിപ്പിൽ 10 സെന്റ് സ്ഥവും സാമ്പത്തിക സഹായം 40 ലക്ഷമാക്കി വർദ്ധിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ആളുകൾ ഉന്നയിച്ച വിഷയങ്ങൾ സർക്കാരിനെ അറിയിക്കാമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരന്ത ഭൂമി കൃഷിയാവശ്യത്തിന് ഉപയോഗിക്കുമ്പോൾ ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആളുകൾ അറിയിച്ചു. ദുരന്ത പ്രദേശത്തുള്ളവർക്ക് ബാങ്കുകൾ ലോൺ അനുവദിക്കുന്നില്ലെന്ന് അറിയിച്ചവരോട് വിഷയം സർക്കിലേക്കും ബാങ്ക് പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും കളക്ടർ പറഞ്ഞു. ആൾ താമസമില്ലാത്ത മുണ്ടക്കൈചൂരൽമല പ്രദേശത്തെ കാർഷിക വിളകൾ മോഷ്ടിക്കപ്പെടുന്നുണ്ടെന്നും മേഖലയിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു.