കൊച്ചി: കഞ്ചാവ് ബംഗാളികളുടെയും സിന്തറ്റിക്ക് ഡ്രഗ്സ് മലയാളികളുടെയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് നടൻ രവീന്ദ്രൻ. ലഹരിയുടെ ഉപയോഗത്തിന് സിനിമ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാൻ സാധിക്കില്ല. എന്നാൽ സിനിമ മാത്രമാണോ സ്വാധീനിക്കുന്നതെന്ന് രവീന്ദ്രൻ ചോദിച്ചു. ന്യൂ മീഡിയയുടെ വളർച്ചയാണ് ഇതിനൊക്കെയുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.’ന്യൂ മീഡിയയുടെ വളർച്ച പ്രധാനപ്പെട്ട ഘടകമാണ്. പെട്ടെന്ന് കേരളത്തിലേക്ക് വന്ന സിന്തറ്റിക്ക് ഡ്രഗ്സ്. അത് വലിയ അപകടകാരിയാണ്. കഞ്ചാവ് ബംഗാളികളുടെയും മലയാളികളുടേത് സിന്തറ്റിക്ക് ഡ്രഗ്സുമായിട്ടാണ് മാറിയിരിക്കുന്നത്. തലച്ചോറിനെ കൺട്രോൾ ചെയ്യുന്നതാണ് കെമിക്കലുകൾ. നമ്മുടെ ഇടയിൽ മാദ്ധ്യമ സാക്ഷരത ഏറ്റവും ആവശ്യമുള്ള ഒന്നാണ്.ഒരു ഉദാഹരണം പറയാം. എംജിആർ സിനിമകൾ വന്നതെല്ലാം വാൾപയറ്റും ഇടിയും ഒക്കെയുള്ളതല്ലേ. എന്നാൽ എംജിആർ സിനിമകൾ ഒരു സമൂഹത്തെ വളർത്തിയ സിനിമയാണ്. അണ്ണാ ദുരൈയുടെ സിനിമയായിരിക്കും തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകമുണ്ടാക്കിയതും. തിന്മയ്‌ക്കെതിരെ നന്മയുടെ പോരാട്ടം എല്ലാം സിനിമയിലൂടെയാണ് കാണിച്ചത്’- രവീന്ദ്രൻ പറഞ്ഞു.സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വർദ്ധനയിലും അക്രമ സംഭവങ്ങളുടെ വർദ്ധനയിലും സിനിമ സ്വാധീനിക്കുന്നുണ്ടെന്ന വിമർശനം ശക്തമായിരുന്നു. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാർക്കോ ടിവിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ചിത്രത്തിലെ അമിതമായ വയലൻസ് കാരണമാണ് അനുമതി നിഷേധിച്ചത്. മാർക്കോ പോലുള്ള വയലൻസ് സിനിമകൾ ഇനി ചെയ്യില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും അറിയിച്ചിരുന്നു.