ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഓസീസ് നായകൻ സ്‌റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. പരുക്കുമൂലം സ്ഥിരം നായകൻ പാറ്റ് കമിൻസ് ടൂർണമെന്റിൽനിന്ന് പിൻമാറിയതിനെ തുടർന്നാണ് കങ്കാരുക്കളുടെ നായകസ്ഥാനം മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന സ്റ്റീവ് സ്മിത്ത് ഏറ്റെടുത്തത്.2027 ഏകദിന ലോകകപ്പിനായി ഓസ്ട്രേലിയൻ യുവനിരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണ് ഇനിയുള്ളത്. അതിനാൽ ഇതാണ് ഓസ്ട്രേലിയൻ ടീമിൽ നിന്ന് പിന്മാറാനുള്ള ശരിയായ സമയമെന്ന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.ചാമ്പ്യൻസ് ട്രോഫി ഇന്ത്യയ്ക്കെതിരായ സെമിയിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ (96 പന്തിൽ 73) സ്മിത്തായിരുന്നു. 2015, 2023 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമുകളിൽ സ്മിത്ത് അംഗമായിരുന്നു.2010ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് ഓസീസിനായി 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനത്തിലെ റൺവേട്ടക്കാരിൽ ഓസ്ട്രേലിയൻ താരങ്ങളിൽ 12–ാം സ്ഥാനത്തോടെയാണ് സ്മിത്ത് കളമൊഴിയുന്നത്.ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.90 ക്യാച്ചുകളുമെടുത്തിട്ടുണ്ട്.