തിരുവനന്തപുരം: സമരം കടുപ്പിക്കാന്‍ ആശാവര്‍ക്കര്‍മാര്‍. സമരം 21 ാം ദിവസത്തിലേക്ക് കടന്ന തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാവര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്. ഡി.എച്ച്.എസ്സിന്റെ മുമ്പിലും സെക്രട്ടേറിയേറ്റിന്റെ മുമ്പിലുമായിരുന്നു ഇത്രയും ദിവസം ആശാവര്‍ക്കര്‍മാര്‍ പ്രതിഷേധസമരം നടത്തിയിരുന്നത്. പക്ഷേ ഇരുപത്തിയൊന്നാം ദിവസം സമരത്തിന്റെ മുഖം മാറുന്ന കാഴ്ചയാണുള്ളത്. മുഖ്യമന്ത്രിയും സാമാജികരും നിയമസഭയില്‍ സന്നിഹിതരായിരിക്കുമ്പോള്‍ ആശാവര്‍ക്കര്‍മാര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം എന്ന നിലപാടിലാണ് വര്‍ക്കര്‍മാര്‍. നിലവിലുള്ള ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശികത്തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആശാവര്‍ക്കര്‍മാരില്‍ തൊണ്ണൂറ് ശതമാനം പേരും പതിനായിരം മുതല്‍ പതിമൂന്നായിരം വരെ ഓണറേറിയം കൈപ്പറ്റുന്നവരാണ് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരെ തോഴിലാളികളായി അംഗീകരിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നാണ് സംസ്ഥാനസര്‍ക്കാറിന്റെ നിലപാട്.