ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ടുപേരാണ് കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എക്സെെസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്.
അന്വേഷണ റിപ്പോർട്ട് എക്സെെസ് കമ്മീഷണർക്ക് കെെമാറിയിരുന്നു. ഡിസംബർ 28 നായിരുന്നു കനിവ് അടക്കം ഒമ്പത് പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കെെവശം വച്ചതിനും പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒമ്പതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ സംഭവം വാർത്തയായതിന് പിന്നാലെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ രംഗത്തെത്തി. പിന്നാലെ ഇത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് എംഎൽഎ പരാതി നൽകിയത്.കനിവടക്കം ഏഴ് പേർക്കെതിരെ കേസ് നില നിൽക്കാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടിലുളളത്. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. ഏഴ് പേർക്കെതിരെ കേസെടുക്കാൻ ഇത് മതിയാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.