കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ വീടുകളിലാണ് പൊലീസ് ഒരേസമയം പരിശോധന നടത്തിയത്. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം അഞ്ച് എസ്ഐമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്ഡ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഇതിൽ ചുങ്കത്തെ വീട്ടിലെ പരിശോധന പൂർത്തിയായി. മറ്റ് മൂന്ന് വീടുകളിലെ പരിശോധനകൾ പുരോഗമിക്കുകയാണ്. പ്രതികളുടെ മാതാപിതാക്കളുടെ നാല് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം താമരശ്ശേരി പഴയ സ്റ്റാൻഡിന് സമീപമുള്ള ട്യൂഷൻ സെന്ററിന് അടുത്താണ് താമരശ്ശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്എസ്എസിലെയും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ഞായറാഴ്ചയിലെ ഒരു പരിപാടിയിൽ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ് പാതി വഴിയിൽ നിലച്ചതിനെ തുടർന്ന് താമരശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ കൂവിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും പിന്നീട് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.