കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി. ബാങ്ക് വഴിയാകും പണം തിരികെ നല്കുക. കേസിൽ പ്രതികളായവരുടെ കൈയിൽ നിന്നും കണ്ടുകെട്ടിയ മുഴുവൻ തുകയും ബാങ്കിന് തിരിച്ചു കൊടുക്കുo. കോടതിയുടെ മേൽനോട്ടത്തിലാവും പണം നൽകുക.പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ സമീപിക്കാമെന്നും ഇ ഡി വ്യക്തമാക്കി. കണ്ടുകെട്ടിയ വസ്തുക്കൾ ബാങ്കിന് ലേലം ചെയ്യാം. എന്നാൽ പരാതിക്കാർക്ക് പണം തിരികെ നൽകാമെന്ന് ഇ ഡി പറഞ്ഞിട്ടും മൂന്നു മാസമായിട്ടും ബാങ്ക് പ്രതികരിച്ചിട്ടില്ല.അതേസമയം, കണ്ടല ബാങ്കിലും, പോപ്പുലർ ഫിനാൻസ് കേസിലും കരുവന്നൂർ ബാങ്കിന് സമാനമായ നടപടികൾ ഉണ്ടാകും. എട്ട് കേസുകളിൽ പണം നിക്ഷേപകരിലേക്ക് എത്തിക്കും. ഹൈറിച്ച് കേസിലും ബഡ്സ് അതോറിട്ടിയോട് പണം ഇരകൾക്ക് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കൊടകര കുഴൽ പണ കേസിൽ പ്രതികളുടെ വസ്തു വകകൾ അറ്റാച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. കുറ്റപത്രം ഉടൻ സമർപ്പിക്കും.എന്നാൽ കേരളത്തിൽ ഇതാദ്യമായാണ് പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ പണം സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് ഇ ഡി നേരിട്ട് മടക്കികൊടുക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതികളിലെത്തുന്ന കേസുകളിൽ കാലതാമസം നേരിടുന്നത് പതിവായിരുന്നു. എന്നാൽ ഇ ഡിയുടെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള കേസുകളിൽ പെടുമ്പോൾ പ്രതികളിൽ നിന്ന് കണ്ടുകെട്ടുന്ന പണം കോടതി മുഖാന്തരം ഇ ഡി, കേസിൽ ഇരകളായവർക്ക് മടക്കികൊടുക്കുന്ന മുൻകൂർ സമീപനങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.2021 ജൂലൈ 14 ലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ വൻ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.കൂടാതെ, കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു കേസിൽ ആഗസ്റ്റ് 10ന് നടത്തിയ റെയ്ഡിൽ ഇ ഡി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. ബാങ്കിലെ വായ്പകളും ചിട്ടികളും സംബന്ധിച്ച ലെഡ്ജറുകളാണ് ഇ ഡി കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ വീടുകളിൽ ആധാരം ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പും ഇ ഡി പിടിച്ചെടുത്തിരുന്നു.