കണ്ണൂർ: ബുള്ളറ്റ് ലേഡി എന്ന പേരിൽ അറിയപ്പെടുന്ന യുവതി മെത്തഫിറ്റമിനുമായി അറസ്റ്റിൽ. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖിലയെയാണ് (30) അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെതുടർന്ന് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2023ൽ രണ്ട് കിലോ കഞ്ചാവുമായി യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 30കാരി നിഖില അറസ്റ്റിലായത്. ‘ബുള്ളറ്റ് ലേഡി’ എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നതോടെയാണ് നിഖിലയ്ക്ക് ബുള്ളറ്റ് ലേഡി എന്ന പേര് ലഭിച്ചത്. ഈ യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങളാണ് ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ ചിറക്കൽ സ്വദേശി ആകാശ് കുമാർ.കെ.പി (26) ആണ് 4.87 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. തലശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുബിൻരാജും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രസന്ന, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബീഷ്.പി.പി, സരിൻരാജ്, പ്രിയേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ സുരാജ്.എം എന്നിവരുമുണ്ടായിരുന്നു.