വെങ്ങാന്നൂരില്‍ പതിനാലുകാരനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉറക്കം ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് അമ്മയെത്തി നോക്കിയപ്പോഴാണ് അലോഹനാഥിനെ തറയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. കഴുത്തില്‍ കുരുക്കിട്ടതിന് സമാനമായ പരുക്കുണ്ടെങ്കിലും കയറോ തുണിയോ കുരുക്കിയ നിലയില്‍ കാണാത്തത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്
നരുവാമൂട് ചിന്‍മയ സ്കൂളിലെ ഒമ്പതാം ക്ളാസുകാരനായ അലോഹനാഥ്. അച്ഛന്‍ ശബരിനാഥ് വിദേശത്ത്. അമ്മ അനുഷയും കുഞ്ഞനുജത്തി അനാമികയും അലോഹും മാത്രമുള്ള വീട്. ഇന്നലെ രാത്രി പത്തരയോടെ പതിവ് പോലെ കിടക്കാന്‍ പോയ അലോഹ് ഇന്ന് ഉണര്‍ന്നെണീറ്റില്ല. അലോഹ് ഒന്നാം നിലയിലെ മുറിയിലും അമ്മയും അനുജത്തിയും താഴത്തെ നിലയിലുമാണ് കിടക്കുന്നത്. ആറരയോടെ എണീക്കാറുള്ള മകന്‍ ഉണരാന്‍ വൈകിയതുകൊണ്ട് വിളിക്കാന്‍ ചെന്ന അമ്മ കണ്ടത് മകന്‍ കട്ടിലിന് താഴെ നിലത്ത് മരിച്ച് കിടക്കുന്നതാണ്
അലോഹിന്‍റെ കഴുത്തി കയറോ തുണിയോ ഉപയോഗിച്ച് കുരുക്കിടുമ്പോളുണ്ടാകുന്നത് പോലുള്ള മുറിവുണ്ട്. എന്നാല്‍ മുറിയ്ക്കുള്ളിലെവിടെയും കുരുക്കിട്ടതിന്‍റെ അടയാളങ്ങളില്ല. കട്ടിലില്‍ തുണികളെല്ലാം ചിതറി കിടക്കുന്നു. കസേര കട്ടിലില്‍ എടുത്ത് വെച്ചിട്ടുമുണ്ട്. ചില കേബിള്‍ വയറുകളും മേശപ്പുറത്തുണ്ട്. അതിനാല്‍ എന്താണ് സംഭവിച്ചതെന്നതില്‍ വീട്ടുകാര്‍ക്ക് വ്യക്തതയില്ല. തൂങ്ങിമരിച്ചതാകാമെന്നാണ് ഇന്‍ക്വസ്റ്റിന് ശേഷമുള്ള പൊലീസിന്‍റെ നിഗമനം. പക്ഷെ എങ്ങിനെയെന്നും അതിന്‍റെ കാരണവും ദുരൂഹമായി തുടരുന്നു.