മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ആറ് മാസത്തെ വാണിജ്യ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹ്‌റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എഎംആര്‍എ). റെഗുലേറ്ററി അതോറിറ്റിയുടെ ഈ പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്.രാജ്യത്ത് നിലവിലുള്ള ഒരു വര്‍ഷത്തേയും രണ്ടുവര്‍ഷത്തേയും വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് പുറമെയാണ് ആറുമാസത്തെ ഹ്രസ്വകാല തൊഴില്‍ വിസ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ ചെലവിലും വളരെ പെട്ടെന്നും തൊഴില്‍ വിസ നേടാന്‍ പ്രവാസി തൊഴിലാളികള്‍ക്ക് സാധിക്കും എന്നതാണ് ഈ വിസയുടെ പ്രധാന സവിശേഷത.പ്രവാസി തൊഴിലാളികളെ പോലെ ബഹ്‌റൈനിലെ കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ഏറെ ഉപകാരപ്രദമാണ് ആറുമാസ കാലത്തെ ഈ വിസയെന്നാണ് വിലയിരുത്തല്‍. തൊഴിലുടമകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള തൊഴിലാളികളെ വേഗത്തില്‍ നിയമിക്കാനായി അവസരമാണ് ഇത് വഴി ലഭിക്കുന്നത്. കൂടാതെ ദീര്‍ഘകാല പ്രതിബദ്ധതയില്ലാതെ പുതിയ തൊഴിലാളികളെ പരീക്ഷിക്കാന്‍ ബിസിനസുകാര്‍ക്കും ഇതൊരു മികച്ച അവസരമായിരിക്കും.കുറഞ്ഞ കാലാവധിയുള്ള പെര്‍മിറ്റുകള്‍, തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്താനും ഈ വര്‍ക്ക് പെര്‍മിറ്റ് പ്രേരണയായേക്കും. ആറുമാസ വര്‍ക്ക് പെര്‍മിറ്റിന് 50 ദിനാര്‍ ഫീസും ഹെല്‍ത്ത് ഇന്‍ഷൂറന്‍സും അടക്കം 86 ദിനാര്‍ മാത്രം നല്‍കിയാല്‍ മതിയാകും.നിലവില്‍ രാജ്യത്ത് താമസിക്കുന്നവരും വാണിജ്യ മേഖലയില്‍ ജോലിയും ചെയ്യുന്ന പ്രാവാസി തൊഴിലാളികള്‍ക്കാണ് ഈ ഹ്രസ്വകാല വര്‍ക്ക് പെര്‍മിറ്റ് വിസ ലഭിക്കുക. ബഹ്‌റൈന് പുറത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ ഹ്രസ്വകാല വിസ ഉപയോഗിക്കാനായി സാധിക്കില്ല.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി എല്‍എംആര്‍എയുടെ www.lmra.gov.bh വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ എല്‍എംആര്‍എ കോള്‍ സെന്ററില്‍ 17506055 എന്ന നമ്പറിലും ബന്ധപ്പെടാം.