പാലക്കാട്: ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ ഒന്നര മാസത്തിനിടെ മാത്രം 9,763 പേർക്ക് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. ഈ മാസം ഇതുവരെ 2,712 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്.2024ൽ സംസ്ഥാനത്താകെ 74,907 പേരാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടിയത്. ദിനവും 180-200 പേരാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നത്. പകരാൻ സാധ്യത കൂടുതലായതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. എം.എം.ആർ പ്രതിരോധ വാക്സിനെടുക്കുന്നതിലൂടെ മുണ്ടിനീര് പ്രതിരോധിക്കാൻ സാധിക്കും. സർക്കാർ ആശുപത്രികളിൽ എം.എം.ആർ വാക്സിൻ സൗജന്യ വിതരണമില്ല. എന്താണ് മുണ്ടിനീര്?ഉമിനീരിൽ ഉണ്ടാകുന്ന വൈറസ് ബാധയാണ് മുണ്ടിനീര് അഥവ മംമ്സ്. പൊതുവെ കുട്ടികളെയും അതുപോലെ കൗമാര പ്രായത്തിലുള്ളവരെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ മൂക്ക് ചീറ്റമ്പോഴോ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പടരുകയും രോഗം വ്യാപിക്കുകയും ചെയ്യും. സ്രവങ്ങൾ വീഴുന്ന സ്ഥലങ്ങളിൽ മറ്റുള്ളവർ പിടിക്കുന്നതിലൂടെയും രോഗം പടരാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ രോഗമുള്ളവർ മൂക്ക് പൊത്തി വേണം ചുമ്മയ്ക്കാനും തുമ്മാനും. പ്രധാന ലക്ഷണങ്ങൾ?താടിയിലെ നീരാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ഉമിനീർ ഗ്രന്ഥി നീര് വച്ച് വീർക്കുന്നതാണിത്. വൈറസ് ശരീരത്തിൽ കയറി ഏകദേശം 12 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ രോഗം ലക്ഷണങ്ങൾ പുറത്ത് വരാൻ തുടങ്ങും. ഗ്രന്ഥി വീർക്കുന്നതിനൊപ്പം പനി, തലദേവ, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുക തുടങ്ങിയവയൊക്കെ മറ്റ് ലക്ഷണങ്ങളാണ്. മുഖത്തുണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാണ്. വാ കൊണ്ട് ചവയ്ക്കുമ്പോൾ താടിയെല്ലിനും മറ്റും വേദന അനുഭവപ്പെടാം. പ്രതിരോധിക്കാംരോഗത്തിന് പ്രത്യേകിച്ച് മരുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. വാക്സിൻ എടുക്കുന്നതാണ് രോഗപ്രതിരോധത്തിനുള്ള വഴി. ശുചിത്വം പാലിക്കുന്നതിലൂടെ രോഗം ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. മാസ്‌ക് ഉപയോഗിക്കുകയും രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം.