ജീവനക്കാരനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ചീഫ് റീജണല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതി നൽകിയതിന് പിന്നാലെ സ്ഥലം മാറ്റിയെന്നും ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരന്റെ ഭാര്യ പറഞ്ഞു. പരാതിയിൽ വിശദീകരണവുമായി ഇന്ത്യൻ ഓവർസീസ് ബാങ്ക് രംഗത്തെത്തി.കൊച്ചി റീജിയണൽ ഓഫീസ് ഡിജിഎം നിതീഷ് കുമാർ സിൻഹ, എ ജി എം കശ്മീർ സിംഗ് എന്നിവർക്കെതിരെയാണ് പരാതി. അസിസ്റ്റന്റ് മാനേജർ തസ്തികയിലുള്ള ജീവനക്കാരനെ നിരന്തരം ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും, പരാതിപ്പെട്ടപ്പോൾ സ്ഥലം മാറ്റിയെന്നുമാണ് ആരോപണം. മേലുദ്യോഗസ്ഥർക്ക് ചായയും മരുന്നും വാങ്ങാൻ പറഞ്ഞയക്കുന്നതും പതിവായിരുന്നു. എതിർത്തപ്പോൾ കൈകൊണ്ട് പുറത്താഞ്ഞടിച്ചെന്നും പരാതിയിൽ പറയുന്നു.അധിക്ഷേപം സഹിക്കാനാവാതെ വന്നതോടെ ഡിസംബറിൽ പരാതി നൽകിയെങ്കിലും ഭീഷണിയെ തുടർന്ന് പിൻവലിക്കുകയായിരുന്നു. പരാതി നൽകിയതിന്റെ പ്രതികാര നടപടിയായി സ്ഥലം മാറ്റി. ഇതോടെയാണ് കുടുംബം വീണ്ടും പരാതി നൽകിയത്. എന്നാൽ പരാതിയിൽ അന്വേഷണം ആരംഭിച്ച കൊച്ചി സെൻട്രൽ പൊലീസ് പറയുന്നത് പ്രതിസ്ഥാനത്തുള്ള കശ്മീർ സിങ്ങും ദലിത് വിഭാഗത്തിൽപെട്ടതാണെന്നും അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നുമാണ്.ഡിജിഎം നിതീഷ് കുമാർ സിൻഹക്ക് ഹൈക്കോടതി മുൻകൂർ ജാമ്യ നൽകിയിരുന്നു. അതിനിടെ ആരോപണം തള്ളി ബാങ്ക് എജിഎം രംഗത്തെത്തി. ബാങ്ക് അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. ചില വ്യക്തികളുടെ സ്വാർത്ഥ താത്‌പര്യങ്ങൾക്ക് വേണ്ടിയാണ് പരാതിയെന്നും കുറിപ്പിൽ പറയുന്നു.