ഡൽഹിയിലെ ഭൂചലനം: ജാഗ്രത നിർദേശവുമായി പ്രധാനമന്ത്രി, തുടർ ചലനങ്ങൾക്ക് സാധ്യതയെന്നും മുന്നറിയിപ്പ്ന്യൂ ഡൽഹി: റിക്ടർ സ്കെയിലിൽ നാല് രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഡൽഹി നിവാസികൾക്ക് ജാഗ്രത നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-എൻസിആർ മേഖലയിലെ നിവാസികളോട് ശാന്തത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് രാജ്യ തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടത്. “ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരോടും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. അതേസമയം, തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ന്യൂഡൽഹിയിലെ ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചിട്ടുണ്ട്. ഡൽഹി, എൻസിആർ മേഖല, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പ സമയത്ത് ഒരു വലിയ ശബ്ദം കേട്ടതിനാൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 8 മണിയോടെ ബീഹാറിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു.