അമ്മ ഭാരവാഹി ജയൻ ചേർത്തലക്കെതിരെ മാനനഷ്ട പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കടക്കെണിയിലായ നിർമാതാക്കളുടെ സംഘടന ‘അമ്മ ‘യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനജയൻ ചേർത്തലക്ക് വക്കീൽ നോട്ടിസ് അയച്ചു. വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ പിൻവലിച്ച് ജയൻ ചേർത്തല മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.കെട്ടിടം വയ്ക്കണമെന്ന ആവശ്യവുമായി പ്രൊഡ്യൂസേർസ് അസോസിയേഷൻ സമീപിച്ചപ്പോൾ അമ്മ ഒരു കോടി നൽകിയെന്നാണ് ജയൻ ചേർത്തല കഴിഞ്ഞ ദിവസം പറഞ്ഞത് .സിനിമാ സമരം സിനിമയ്ക്ക് ദോഷം മാത്രമേ ചെയ്യൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.” അഭിനയിച്ച് തീർത്ത് പോയ പലരും ഇപ്പോഴും ആ പ്രതിഫലത്തിനായി കാത്തിരിക്കുന്നുണ്ട്.നിർമാതാക്കളായി ആരെങ്കിലും വന്നാൽ അവരെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. അമ്മ നിർമ്മിക്കുന്ന സിനിമയിലേ നാളെ അമ്മയുടെ അംഗങ്ങൾ നാളെ മുതൽ അഭിനയിക്കൂ എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും.ഇങ്ങനെ പോയാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിര് നിൽക്കാനേ അമ്മയ്ക്ക് കഴിയൂ.കച്ചവട മൂല്യം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങളെ ഇവർ സിനിമയിൽ വെക്കുന്നത്.- അദ്ദേഹം പറഞ്ഞു.