പോട്ടയിലെ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത് ആസൂത്രിത മോഷണമാണെന്ന് തൃശൂർ റൂറൽ എസ്‌പി ബി കൃഷ്ണകുമാർ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി തന്നെയാണ് മോഷ്ടാവെന്നും അദ്ദേഹം വ്യക്തമാക്കി. മോഷണത്തിന് ശേഷം മൂന്ന് തവണ ഡ്രസ് മാറ്റിയെന്നും റിയർവ്യൂ കണ്ണാടി ബെെക്കിൽ ഫിറ്റ് ചെയ്‌തെന്നും എസ്‌പി വ്യക്തമാക്കി. ഇതാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്.’ബാങ്കിൽ വന്ന് പ്രതി നേരത്തെ കാര്യങ്ങൾ പഠിച്ചിരുന്നു. മോഷണശേഷം ഡ്രസ് മൂന്ന് തവണ മാറി. നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തുടക്കത്തിൽ തന്നെ കണ്ടെത്തിയതിനാൽ ബെെക്ക് വച്ച് അന്വേഷണം നടത്തി. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയാണ് റിജോ നമ്പർ പ്ലേറ്റ് തിരഞ്ഞെടുത്തത്. ഷൂസിന്റെ അടിയിലെ നിറമാണ് കേസിന് നിർണായകമായത്. ഡ്രസ് മറ്റിയെങ്കിലും പ്രതി വണ്ടിയും ഷൂസും മാറ്റിയിരുന്നില്ല.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. പൂർണമായി പ്രതി ഒന്നും വിട്ടുപറയുന്നില്ല. പറയുന്ന കാര്യത്തിൽ ചിലത് വ്യക്തതയില്ല. അതിനാൽ ഇനിയും കൂടുതൽ ചോദ്യം ചെയ്യണം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യ വിദേശത്താണ്. കടം വിട്ടാനാണ് മോഷണം നടത്തിയതെന്നാണ് പറയുന്നത്. ഇത് ഉറപ്പിക്കാറായില്ല. ചില കാര്യങ്ങളിൽ പ്രതിയുടെ മൊഴിയിൽ വെെരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. മദ്യപിച്ച് പണം കളയുന്നയാളാണ് ഇയാൾ. മോഷ്ടിച്ച പണത്തിൽ നിന്ന് 2.90ലക്ഷം കടം വീട്ടി’,- പൊലീസ് പറഞ്ഞു.