തിരുവനന്തപുരം: കായിക മന്ത്രിക്കും സ്പോർട്സ് കൗൺസിലിനുമെതിരായ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് സ്പോർട്സ് കൗൺസിൽ. ഒളിമ്പിക് അസോസിയേഷനിലെ എല്ലാവർക്കും ഈ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. വിമർശനമുന്നയിച്ച സുനിൽ കുമാർ തന്നെയാണ് ഹോക്കി അസോസിയേഷന്റെ പ്രസിഡഡന്റ. ഹോക്കിയുടെ ഇന്നത്തെ അവസ്ഥ എന്താണ്. കേരളത്തെ പിന്നോട്ടടിപ്പിക്കാൻ ഒളിമ്പിക് അസോസിയേഷന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെന്നും യു ഷറഫലി പറഞ്ഞു. കളരി ഒളിമ്പിക്സിൽ ഇടം പിടിക്കാതിരുന്നത് ഇതിന്റെ ഭാഗം. മെഡൽ മാത്രം നോക്കി കേരളത്തിന്റെ മൊത്തം പ്രകടനം വിലയിരുത്താനാകില്ല. കായിക മന്ത്രിയുടെ പ്രവർത്തനം കൊണ്ടാണ് കായിക താരങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടുന്നത്. ഒളിമ്പിക് അസോസിയേഷൻ എന്താണ് കേരളത്തിലെ കായിക താരങ്ങൾക്ക് വേണ്ടി ചെയ്തത് എന്നും ഷറഫലി ചോദിച്ചു. ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിലാണ് കായിക മന്ത്രിയെയും സ്പോർട്സ് കൗൺസിലിനെയും വിമർശിച്ച് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ രംഗത്ത് വന്നത്. കായിക സംഘടനകളാണ് ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്ന മന്ത്രിയുടെ പ്രസ്താവനയായിരുന്നു സുനിൽ കുമാറിനെ ചൊടിപ്പിച്ചത്.