വ്യവസായ മേഖലയിൽ കേരളത്തിലുണ്ടായ മാറ്റത്തെ പ്രകീർത്തിച്ചുകൊണ്ട് ശശി തരൂർ എംപിയുടെ ലേഖനം.‘ചെയ്ഞ്ചിങ് കേരള;ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശിതരൂർ പ്രശംസിച്ചത്. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ 28-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്തായി.2024ലെ ഗ്ലോബൽ സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ട് പ്രകാരം കേരളത്തിൻറെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ 5 ഇരട്ടി അധികമാണെന്ന് ലേഖനത്തിൽ പറയുന്നു. സംരംഭങ്ങൾക്ക് ഏകജാലത്തിലൂടെ അനുമതി ലഭിക്കുന്നത് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടാണെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു. വ്യവസായം തുടങ്ങാൻ സിംഗപ്പൂരിലോ അമേരിക്കയിലോ മൂന്നുദിവസം എടുക്കുമ്പോൾ ഇന്ത്യയിൽ ശരാശരി 114 ദിവസം എടുക്കും. കേരളത്തിൽ 236 ദിവസവും എടുക്കും. എന്നാൽ കുറച്ച് ദിവസങ്ങൾക്കു മുൻപ് വ്യവസായ മന്ത്രി പി രാജീവ് രണ്ട് മിനിറ്റിനുള്ളിൽ കേരളത്തിൽ ബിസിനസ് തുടങ്ങാമെന്ന് പ്രഖ്യാപിച്ചത് വലിയ മാറ്റമാണെന്നും ശശിതരൂർ പറഞ്ഞു.