ആദായനികുതിദായകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ആദായ നികുതി ബില്‍ ഈ ആഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ആദായ നികുതി അടയ്ക്കുന്നത് അനായാസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലളിതമാക്കിയ ചട്ടങ്ങളോടെ ആദായനികുതി നിയമം അവതരിപ്പിക്കുന്നത്. 536 സെക്ഷനുകളും 23 അധ്യായങ്ങളും അടക്കം 622 പേജുകളാണ് പുതിയ ആദായനികുതി ബില്ലില്‍ ഉണ്ടായിരിക്കുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ആദായനികുതി നിയമം പാസാക്കിയാല്‍ 1961ലെ ആദായനികുതി ചട്ടങ്ങള്‍ അസാധുവാകും. പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍. തൊട്ട് മുന്‍വര്‍ഷം നേടുന്ന വരുമാനം (202324) എന്ന അടിസ്ഥാനത്തില്‍ പ്രീവിയസ് ഇയറിലെ നികുതി, അസസ്മെന്‍റ് ഇയറില്‍(202425) അടയ്ക്കുന്നു എന്നുള്ളതാണ് ഇതുവരെയുള്ള സമ്പ്രദായം. അസസ്മെന്‍റ് ഇയര്‍, പ്രീവിയസ് ഇയര്‍ എന്നിങ്ങനെയുള്ള സങ്കല്പം പുതിയ ചട്ടത്തോടെ ഇല്ലാതാകും. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിലെ 298 വകുപ്പുകളെക്കാള്‍ കൂടുതലാണ് പുതിയ നിയമത്തിലുള്ളത്. 536 വകുപ്പുകളാണ് പുതിയതായി അവതരിപ്പിക്കാനുള്ള നിയമത്തില്‍ ഉള്ളത്. നിലവിലെ നിയമത്തില്‍ 14 ഷെഡ്യൂളുകള്‍ ഉള്ളത് പുതിയ നിയമത്തില്‍ 16 ആയി വര്‍ദ്ധിക്കും. പുതിയ ആദായനികുതി നിയമത്തിലെ ആകെ അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തി. എന്നാല്‍ ആകെ പേജുകളുടെ എണ്ണം 622 ആയി ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് നിലവിലെ നിയമത്തിന്‍റെ പകുതിയോളമേ ഉള്ളൂ. 1961 ലെ ആദായനികുതി നിയമത്തില്‍ 880 പേജുകള്‍ ആണുള്ളത്. പുതിയ നിയമത്തില്‍ ഷെഡ്യൂളുകളും അധ്യായങ്ങളും കൂടിയത് ആദായനികുതി നിയമത്തോടുള്ള ഘടനാപരമായ സമീപനം കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍, ബിസിനസ്സുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള കാര്യക്ഷമമായ വ്യവസ്ഥകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനാലാണ് ഷെഡ്യൂളുകളും അധ്യായങ്ങളും പുതിയ നിയമത്തില്‍ കൂടിയത് എന്നാണ് കണക്കുകൂട്ടുന്നത്. നികുതി തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി ഓഹരി ഇടപാടുകളെ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍, കൂടുതല്‍ വ്യക്തതക്കായി കഴിഞ്ഞ 60 വര്‍ഷത്തെ ജുഡീഷ്യല്‍ വിധി ന്യായങ്ങള്‍ എന്നിവയും പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1961ലെ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥ എന്നത് വിവിധ നടപടിക്രമങ്ങള്‍, നികുതി പദ്ധതികള്‍, നിയമപരമായ ചട്ടക്കൂടുകള്‍ എന്നിവയ്ക്കായി ആദായനികുതി വകുപ്പ് പാര്‍ലമെന്‍റിന്‍റെ അനുമതിക്കായി സമീപിക്കണം ആയിരുന്നു. പുതിയ നിയമത്തില്‍ പാര്‍ലമെന്‍റിന് പകരം അത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് തന്നെ നിര്‍വഹിക്കും. ഇത് കാലതാമസം ഒഴിവാക്കുന്നതിനായി സഹായിക്കും. പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന പുതിയ നിയമം കൂടുതല്‍ പരിശോധനകള്‍ക്കായി പിന്നീട് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയക്കും.