ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് വന്‍ തിരിച്ചടി. ലോട്ടറി സേവന വിഭാഗത്തില്‍പ്പെടുന്നതല്ലെന്നും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമേ അധികാരമുളളൂവെന്ന് സുപ്രീംകോടതി. സിക്കിം ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രൂം കോടതിയുടെ നിര്‍ണായക ഉത്തരവ്. ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താനുളള നീക്കത്തിനെതിരെ സിക്കിമിലെ ലോട്ടറി വിതരണ കമ്പനികളാണ് നിയമപോരാട്ടം നടത്തിയത്. സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ലോട്ടറികളില്‍ നികുതി ചുമത്താനാകൂവെന്ന് വിതരണക്കാരുടെ ഹര്‍ജികളില്‍ സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ലോട്ടറി സേവനമല്ലെന്നും ചൂതാട്ടത്തിന്റെയും വാതുവയ്പ്പിന്റെയും വിഭാഗത്തില്‍പ്പെടുന്നതാണെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍ സേവന നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമേ നികുതി ചുമത്താനാകൂവെന്നും വ്യക്തമാക്കിയ ബെഞ്ച് സിക്കിം ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ ലോട്ടറി വഴിയുളള സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിലും കൈകടത്താനുളള കേന്ദ്രനീക്കത്തിനാണ് വന്‍തിരിച്ചടിയായത്.