കേരള പൊലീസ് ഫുട്ബാൾ ടീം നാല്പത് വയസ്സിലെത്തി നിൽക്കുമ്പോൾ നമ്മുടെ സുവർണ്ണ നേട്ടങ്ങളിൽ ബൂട്ട് അണിഞ്ഞവർ വീണ്ടും ഗ്രൗണ്ടിലിറങ്ങി. കാലം പിന്നിട്ടപ്പോൾ ഒപ്പം നടന്നവർ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പഴയ ഓർമകളുമായി ഒത്തുചേർന്നു. നാല്പത് വർഷം മുൻപുള്ള അതേ ഡിസൈൻ ജഴ്സിയിൽ പൊലീസ് ടീം വീണ്ടും കളത്തിലിറങ്ങി. കാൽപ്പന്തിന്റെ പഴയ വീറും വാശിയോടെ… പ്രായം മുന്നോട്ടെങ്കിലും ഓർമകളിൽ ഇന്നും ആ ഗോളടിക്കാലമാണ് എല്ലാവർക്കും. ഓടാനും ഡൈവ് ചെയ്യാനും മനസ് പറയുന്നെങ്കിലും ശരീരം ഒപ്പമെത്തുന്നില്ലെന്ന പരിഭവം മാത്രമേ ഉള്ളു. ഇന്ത്യൻ ഫുട്ബോളിന് വിസ്‌മരിക്കപ്പെടാത്ത സുവർണകാലം സമ്മാനിച്ച കേരള പൊലീസ് ഫുട്‌ബോൾ ടീം രൂപീകരിച്ചിട്ട് 40 വർഷം പിന്നിട്ട വേളയിലാണ്, കേരള പൊലീസ് ടീമും കേരള ഇലവൻ എന്ന പേരിൽ മുൻ അന്താരാഷ്ട്ര താരം സേവ്യർ പയസിന്റെ നേതൃത്വത്തിൽ മറ്റ് താരങ്ങളും രണ്ടു ടീമുകളായി ഏറ്റുമുട്ടിയത്. ഇന്ത്യൻ ഫുട്ബോളിൽ നിർണായക ശക്തിയാകാൻ കേരള പൊലീസ് ടീമിന് സാധിചെന്നും നല്ല താരങ്ങൾ വരുമ്പോൾ അവർക്ക് നിലനിൽക്കാനുള്ള സാഹചര്യമൊരുക്കണമെന്നും യു ഷറഫലി പറഞ്ഞു.ടീമിന്റെ നാൽപതം വാർഷിക പരിപാടിയായ സൂവർണ്ണസ്മരണകൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പദ്മശ്രീ നേടിയ ഐ.എം. വിജയൻ, മുൻ പരിശീലകരായ എ.എം. ശ്രീധരൻ, ഗബ്രിയേൽ ജോസഫ്, മുൻ മാനേജർ ഡി. വിജയൻ, മുൻ ടീം സഹായി ആയിരുന്ന സാബു തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.