ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടായ വർദ്ധനവിന് അനുസൃതമായി കേരളത്തിലും സ്വർണവിലയിൽ റെക്കാഡ് കുതിപ്പ്. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2860 ഡോളറിലെത്തി. സംസ്ഥാനത്ത് പവന് വില 120 ഉയർന്ന് 63,560 രൂപയായി. . ഗ്രാമിന്റെ വില 15 രൂപ ഉയർന്ന് 7945 രൂപയിലെത്തി. അതേസമയം പവന് വില 64000 രൂപയ്ക്ക് താഴെയാണെങ്കിലും ജുവലറികളിൽ വില്പന കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ട്. ഒരു പവന്റെ സ്വർണാഭരണം വാങ്ങുമ്പോൾ ഉപഭോക്താവിന് 70000 രൂപയ്ക്കടുത്ത് നൽകേണ്ടി വരും. ജി.എസ്,ടിയും സെസും പണിക്കൂലിയും കൂടി ചേരുമ്പോഴാണ് വില 70000 രൂപയ്ക്കടുത്ത് എത്തുന്നത്. ഇതു കാരണം വലയുന്നത് കല്യാണ ആവശ്യങ്ങൾക്കുൾപ്പെടെ സ്വർണം വാങ്ങാനിരുന്നവരാണ്.
ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ അമേരിക്കയിൽ കാർഷികേതര മേഖലയിലെ തൊഴിൽ ലഭ്യത കുത്തനെ കുറഞ്ഞതിനാൽ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കകളാണ് സ്വർണത്തിലേക്ക് നിക്ഷേപ ഒഴുക്ക് വർദ്ധിപ്പിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്രബാങ്കുകളും ആവേശത്തോടെ സ്വർണം വാങ്ങികൂട്ടുകയാണ്. അമേരിക്കൻ ഡോളറിന് ബദലായ ആഗോള നാണയമെന്ന നിലയിലാണ് സ്വർണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് കാരണമായി.
ഇന്ത്യയിലും ചൈനയിലും വിവാഹ സീസൺ ആരംഭിച്ചതോടെ സ്വർണ ഉപഭോഗം കൂടിയതും വിലയിൽ കുതിപ്പുണ്ടാക്കി. 24 കാരറ്റ് സ്വർണ കട്ടിയുടെ വില കിലോഗ്രാമിന് 87.3 ലക്ഷം രൂപയിലെത്തി. അതേസമയം വെള്ളി ഉൾപ്പെടെ മറ്റ് പ്രഷ്യസ് ലോഹങ്ങളുടെ വില താഴേക്ക് നീങ്ങുകയാണ്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഫെബ്രുവരിയിൽ പവൻ വില 65,000 രൂപയിലെത്തിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറാൻ ഇടയുണ്ടെന്ന് അനലിസ്റ്റുകൾ പറയുന്നു.