നിയമസഭാ തിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പിൻബലത്തിൽ സർക്കാർ രൂപീകരിക്കാൻ തയാറെടുക്കുകയാണ് ബിജെപി. എന്നാൽ, എക്സിറ്റ് പോൾ കണക്കിലെടുക്കുന്നില്ലെന്നാണ് എഎപിയുടെ നിലപാട്. തിരഞ്ഞെടുപ്പുദിവസം പുറത്തുവന്ന 12 എക്സിറ്റ് പോൾ ഫലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് എഎപിക്കു തുടർഭരണം പ്രവചിച്ചത്. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയുടെ ഭരണം ബിജെപിക്ക് ലഭിക്കുമെന്നാണ് ബാക്കിയെല്ലാം വ്യക്തമാക്കിയത്
അതേസമയം, മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസിന് പരമാവധി 3 സീറ്റുകളാണു പ്രവചിച്ചത്. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു. എക്സിറ്റ് പോൾ നടത്തിയവർ എഎപിയെ വിലകുറച്ച് കാണുകയാണെന്നായിരുന്നു ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ എതിർ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞത്. ‘എഎപിയുടെ നില അത്ര മോശമാണെന്നു കരുതാനാകില്ല. എക്സിറ്റ് പോൾ ഫലങ്ങളിൽ ഞാനും നിരാശനാണ്. പക്ഷേ, എഎപി മുന്നിലെത്താനുള്ള സാധ്യതകളുണ്ട്. കൃത്യമായ ഫലം നാളെ അറിയാമല്ലോ’– മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ കൂടിയായ സന്ദീപ് ദീക്ഷിത് പറഞ്ഞു.







