കണ്ണൂർ: മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ കോടതി തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം എംഎൽഎയായി തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതിയാണു കേസ് കൈകാര്യം ചെയ്യുന്നത്. അതിൽ അന്തിമ തീരുമാനം വന്നിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ. അതുവരെ മുകേഷ് എംഎൽഎ സ്ഥാനത്തു തുടരുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണു പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരെ തെളിവുകളുണ്ടെന്നും ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സമാഹരിക്കാനായെന്നും എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്സാപ് ചാറ്റുകളും ഇ-മെയിൽ സന്ദേശങ്ങളും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. സിനിമയിൽ ഒപ്പം അഭിനയിച്ചപ്പോഴും അമ്മയിൽ അംഗത്വത്തിന് അപേക്ഷിച്ചപ്പോഴും മുകേഷ് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.