ചോറ്റാനിക്കരയില്‍ മുന്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അങ്ങേയറ്റം ദുഃഖകരമായ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയെന്ന് സതീദേവി പറഞ്ഞു. പോക്‌സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സംഭവം കൂടിയാണിതെന്നും അവര്‍ വ്യക്തമാക്കിഇരയായ പെണ്‍കുട്ടിക്ക് നേരെ വീണ്ടും അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മതിയായ പരിരക്ഷ കൊടുക്കാന്‍ എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്നുള്ള പരിശോധനകൂടി ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പൊലീസിനോട് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. പോക്‌സോ കേസ് അതിജീവിതയാണെങ്കിലും ഇപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. ഒരു സ്ത്രീക്ക് നേരെ നടന്നിട്ടുള്ള ക്രൂരമായ അതിക്രമം തന്നെയാണിത്. ഏതെങ്കിലും കാര്യത്തില്‍ വീഴ്ചയുണ്ടോ എന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോര്‍ട്ട് തേടും. കേസിലെ കുറ്റവാളിക്കെതിരായി ഈ തരത്തിലുള്ള പരാതികള്‍ പൊലീസിന് മുന്‍പാകെ വന്നിട്ടുണ്ടെങ്കില്‍ ആവശ്യമായ പരിരക്ഷ ഉറപ്പ് വരുത്താനുള്ള സംവിധാനം വേണ്ടതാണ്. അതിലെന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടും – വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.മര്‍ദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19ത്കാരി കടവന്ത്ര മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്.പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മര്‍ദിച്ചിരുന്നു. തലയില്‍ ചുറ്റിക കൊണ്ട് ക്രൂരമായി പ്രതി പെണ്‍കുട്ടിയെ അടിച്ചു.ഇതിലുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ഷോള്‍ കഴുത്തില്‍ കുരുക്കി ഫാനില്‍ തൂങ്ങിയത്. എന്നാല്‍ ഇത് കണ്ടുനിന്ന പ്രതി പെണ്‍കുട്ടിയുടെ ഷോള്‍ മുറിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാന്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി ബോധരഹിതയാകുകയായിരുന്നു. അങ്ങിനെയാണ് പ്രതി വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത്. പെണ്‍കുട്ടി മരിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അനൂപ് വീട്ടില്‍ നിന്നും പുറത്തേക്ക് കടന്നത്.ഞായറാഴ്ചയാണ് അതിജീവിതയെ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതര പരുക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. പെണ്‍കുട്ടി അര്‍ധനഗ്‌നയായ നിലയിലായിരുന്നു. കഴുത്തില്‍ കയര്‍മുറുക്കിയ പാടുണ്ടായിരുന്നു. കൈയിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി 15 മണിക്കൂറോളമാണ് വീടിനകത്ത് കിടന്നത്. ഏറ്റവുമടുത്ത ബന്ധുവാണ് പെണ്‍കുട്ടിയെ ഞായറാഴ്ച വൈകീട്ട് 4 മണിയോടുകൂടി അവശനിലയില്‍ കണ്ടെത്തുന്നത്. അനൂപ് യുവതിയുടെ വീട്ടില്‍ വരുന്നതും ഞായര്‍ പുലര്‍ച്ചെ നാലോടെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു. യുവതിയുമായി തര്‍ക്കമുണ്ടായെന്നും മര്‍ദിച്ചെന്നും ഇയാള്‍ മൊഴിനല്‍കി.