തൃശൂർ: മുംബയിൽ നിന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കൊറിയർ ചെയ്‌ത് കടത്തുന്ന സംഘത്തിലെ പ്രധാനിയായ കൊറിയർ ദാദ പിടിയിൽ. മുംബയിലെ മുളുന്ദ് സ്വദേശിയായ യോഗേഷ് ഗണപത് റാങ്കഡെ (31) എന്ന യുവാവാണ് അറസ്‌റ്റിലായത്. തൃശൂർ സിറ്റി പൊലീസാണ് ഇയാളെ പിടികൂടിയത്.മുംബയിൽ നിന്നാണ് തൃശൂർ സിറ്റി പൊലീസിലെ ഡാൻസാഫ് സംഘവും ഈസ്‌റ്റ് പൊലീസും ചേർന്ന് വളരെ സാഹസികമായാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. യോഗേഷും സംഘവും സമൂഹമാദ്ധ്യമങ്ങളിലൂടെ വിവിധ സംസ്ഥാനങ്ങളിലുള്ളവരെ പരിചയപ്പെടുകയും ഇവർ നൽകുന്ന വ്യാജ മേൽവിലാസം വഴി കഞ്ചാവ് അയച്ചുകൊടുക്കുകയുമാണ് ചെയ്‌തിരുന്നത്. കൊറിയർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇത് സംശയവും ഉണ്ടാക്കിയിരുന്നില്ല. ഇതിനിടെ തൃശൂർ കൊക്കാലയിൽ കൊറിയർ സ്ഥാപനത്തിൽ നിന്നും പൊലീസിന് സംശയാസ്‌പദമായ നിലയിൽ നാല് കിലോ കഞ്ചാവ് പാഴ്‌സൽ ലഭിച്ചു. വിദഗ്‌ദ്ധമായി ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ഈ കേസിലെ അന്വേഷണത്തിൽ പടിഞ്ഞാറേ കോട്ടയിൽ ആധുനിക സൗകര്യങ്ങളുള്ള ജിം നടത്തുകയും പ്രോട്ടീൻ പൗഡറടക്കം വിൽക്കുകയും ചെയ്യുന്ന മയക്കുമരുന്ന് കേസിൽ പ്രതിയായ നെടുപുഴ സ്വദേശി വിഷ്‌ണുവിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് മുംബയിലെ കഞ്ചാവ് സംഘത്തെക്കുറിച്ച് വ്യക്തമായത്.കേരളത്തിന് പുറമേ ഗുജറാത്ത്, കർണാടക, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഈ സംഘം കഞ്ചാവ് വിൽപന നടത്തിയിട്ടുണ്ട്. മുംബയിലെ ഐടി പാർക്കുകളിലും ഇയാൾ കഞ്ചാവ് കടത്തിയിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ നേതൃത്വത്തിലാണ് സംഘം യോഗേഷിനെ പിടികൂടിയത്.