പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്തായായി ശ്രമം തുടരുന്നു. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർവകക്ഷിയോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. ദൌത്യത്തിന് അരുൺ സക്കറിയ നേതൃത്വം നൽകും. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും. പൊലീസും ആർആർടിയും രാത്രി ഉൾപ്പടെ പരിശോധന നടത്തും. കുട്ടികളെ സ്കൂളിൽ എത്തിക്കാൻ 6 വാഹനം സജീകരിച്ചു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി 1 മുതൽ താത്കാലിക ജോലി നൽകും. കുടുംബത്തിനുള്ള ബാക്കി നഷ്ടപരിഹാരം ഉടൻ നൽകും. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ഇത് വരെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ കേസെടുക്കില്ലെന്നും എഡിഎം അറിയിച്ചു.
നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് അറിയിച്ചു. പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിർദേശം
കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തു കൂടുന്നത് കൂടുതൽ അപകടകരമാണ്. നാരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.