എടപ്പാൾ അംശകച്ചേരി സ്വദേശിയായ ഇസ്മയിലിൻെറ ഭാര്യയ്ക്ക് പ്രസവത്തിനായി അഡ്മിറ്റ് ആകാൻ ജനുവരി 25 നാണ് അറിയിച്ചിരുന്നത്. എന്നാൽ 13 -ാം തിയ്യതി രാത്രിയോടെ ചെറിയ അസ്വസ്ഥത തോന്നിയപ്പോൾ ഡോക്ടറെ കാണുന്നതിനായി അയൽവാസിയുടെ ഓട്ടോറിക്ഷയിൽ ഇസ്മയിലും ഭാര്യയും ഉമ്മയും കൂടി തൃശൂർ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. കുന്നംകുളം കഴിഞ്ഞ ഉടൻതന്നെ ഇസ്മയിലിൻെറ ഭാര്യക്ക് അസ്വസ്ഥതകൂടി മുണ്ടൂർ എത്തുമ്പോഴേക്കും കരച്ചിലും ബ്ളീഡിങ്ങും ആയതോടെ ഇസ്മയിലും ഉമ്മയും ഡ്രൈവറും ആകെ ഭയപെട്ടു.
ആ സമയത്താണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെ്ക്ടർ ജോസ്, സിവിൽ പോലീസ് ഓഫീസർമാരായ എ.ഷംനാദ്, കെ.പ്രദീപ് എന്നിവർ അതുവഴി പോയിരുന്നത്. പോലീസ് വാഹനം കണ്ട ഉടൻതന്നെ ഇസ്മയിൽ വേഗം കൈപുറത്തിട്ട് പോലീസിനെ നീട്ടി വിളിച്ചു. ഓട്ടോ ഡ്രൈവറും പോലീസിനെ ശ്രദ്ധയാകർഷിക്കും വിധം വിളിച്ചുകൂവി. പോലീസ് വാഹനം വേഗം അരികിലൊതുക്കി നിറുത്തിയപ്പോൾ ഇസ്മയിൽ ഓടിയെത്തി കാര്യം അറിയിച്ചു. സംഭവം അറിഞ്ഞപ്പോൾ സബ് ഇൻസ്പെക്ടർ ജോസ് അവരെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പാണ് ആദ്യം നടത്തിയത്. എന്നാൽ കാര്യങ്ങൾ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലായ സബ് ഇൻസ്പെ്കടർ ഉടൻതന്നെ ആംബുലൻസിനെ വിളിച്ച് അറിയിച്ചു. പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ ഇസ്മയിൽ ഓട്ടോറിക്ഷയിൽ നിന്നും സ്ത്രീയെ എടുക്കാൻ ശ്രമിച്ചപ്പോൾ ഉമ്മതടഞ്ഞു. മക്കളേ മോളെ ഇപ്പോൾ എടുക്കല്ലേ…
കാര്യത്തിൻെറ ഗൌരവം മനസിലാക്കിയ പോലീസുദ്യോഗസ്ഥരിൽ ഒരാൾ അടുത്ത കടയിലേക്കോടി പുതിയ തുണിയും ഷീറ്റും വാങ്ങി ഓടിയെത്തി. അതിനിടയിൽ ചൂടുവെള്ളത്തിയായി ഒരു പോലീസുദ്യോഗസ്ഥൻ അടുത്ത വീട്ടിലേക്കോടി ഭാര്യയുടെ അവസ്ഥകണ്ട് ഇസ്മയിൽ ആകെ പരിഭ്രമിച്ചു ഡ്രൈവർ അവനെ സമാധാനിപ്പിച്ചു. പോലീസുദ്യോഗസ്ഥർ ഓടിയെത്തി തുണി ഉമ്മയ്ക്ക് കൊടുത്തു. റോഡരികിലെ ഓട്ടോ റിക്ഷയിൽ നിന്നും കുഞ്ഞുകരച്ചിൽ ഉയർന്നു ഇസ്മയിലിൻെറ മുഖത്ത് സന്തോഷവും പരിഭ്രമവും നിറഞ്ഞു. പോലീസുദ്യോഗസ്ഥരും ഇസ്മയിലും ചേർന്ന് ചോരകുഞ്ഞിനെ ഭദ്രമായി തുടച്ച് പോലീസ് വാഹനത്തിൽ കയറ്റാൻ തയ്യാറാകുമ്പോഴേക്കും ആംബുലൻസ് പാഞ്ഞെത്തി. റോഡരികിലെ ഓട്ടോറിക്ഷയിൽ നിന്നും ചോരകുഞ്ഞിനേയും അമ്മയേയും ആംബുലൻസിൽ കയറ്റി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കുതിച്ചു. ഉടൻതന്നെ സബ് ഇൻസ്പെ്കടർ ജോസിൻെറ നിർദ്ദേശമനുസരിച്ച് മെഡിക്കൽ കോളേജിൽ എയ്ഡ് പോസ്റ്റിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ ആർ ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ അരുൺ ക്യാഷ്വാലിറ്റിയിൽ വിവരം അറിയിച്ച് വേണ്ട സൌകര്യങ്ങൾ ഒരുക്കിയിരുന്നു.
ആശുപത്രിയിലേക്ക് ഇസ്മയിലിനെ വിളിച്ച് വിശേഷം ചോദിക്കാറുള്ള കുന്നംകുളത്തെ പോലീസുദ്യോഗസ്ഥർ ഇന്ന് ഏറെ സന്തോഷത്തിലാണ് െഎ സി യുവി ൽ നിന്നും കുഞ്ഞിനെ നാളെ വാർഡിലേക്ക് മാറ്റും രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യുമെന്നും അറിഞ്ഞു. ഓട്ടോഡ്രൈവർ സ്റ്റേഷനിൽ നേരിട്ടെത്തി നന്ദി അറിയിച്ചു. ഇസ്മയിൽ സ്റ്റേഷനിലേക്ക് വിളിച്ചു “സാറേ…ഞങ്ങൾ ഡിസ്ചാർജ്ജ് ആയാൽ നേരെ സ്റ്റേഷനിലേക്ക് വരുന്നുണ്ട് ട്ടോ…”
അതൊന്നും വേണ്ട ഇസ്മയിലേ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ തന്നെ ഏറെ സന്തോഷം. സബ് ഇൻസ്പെക്ടർ ജോസിൻെറ മറുപടിയിൽ സന്തോഷം മാത്രമല്ല നിറഞ്ഞ ആത്മസംതൃപ്തിയുമുണ്ടായിരുന്നു.