പാലക്കാട് തൃത്താലയില്‍ അധ്യാപകരോട് കയര്‍ത്ത 17കാരന്റെ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ വിശദീകരണം തേടി ബാലാവകാശ കമ്മീഷന്‍. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍ എന്നിവരോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
തൃത്താല പൊലീസ് സ്റ്റേഷനില്‍ വെച്ച് അധ്യാപകരും വിദ്യാര്‍ത്ഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവ് പറ്റിയതാണ്, മാപ്പ് നല്കണമെന്ന് വിദ്യാര്‍ത്ഥി അധ്യാപകനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് അധ്യാപകരും തീരുമാനിച്ചു. വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിംഗ് നല്‍കാനും അടുത്ത ദിവസം മുതല്‍ ക്ലാസ്സില്‍ വരാനും സൗകര്യമൊരുക്കും
വിദ്യാര്‍ത്ഥിയും അധ്യാപകനും തമ്മിലുളള പ്രശ്‌നം അവിടെ തീര്‍ന്നെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതില്‍ വിശദീകരണം തേടിയിരിക്കുകയാണ് ബാലാവകാശ കമ്മീഷനിപ്പോള്‍.അധ്യാപകര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അതീവ ഗൗരവകരമെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍.എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടില്ലെന്നാണ് അധ്യാപകര്‍ ഉറപ്പിച്ച് പറയുന്നത് സ്‌കൂളില്‍ ബാലാവകാശ കമ്മീഷന്‍ നേരിട്ട് സന്ദര്‍ശനം നടത്തും. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.