കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കൂ.. പണം നേടൂ… ഇതായിരുന്നു കച്ചവടത്തിന്റെ ടാഗ്-ലൈൻ. പൊലീസിന്റെ പിടിയിലാകുന്നതുവരെയും ഈ വേറിട്ട തട്ടിപ്പ് വിജയകരമായി തുടർന്നു. വ്യത്യസ്തവും അപൂർവവുമായ ‘പ്രഗ്നൻസി തട്ടിപ്പ്’ നടന്നത് ബിഹാറിലെ നവാദ ജില്ലയിലാണ്. നർദിഗഞ്ച് സബ്ഡിവിഷന് കീഴിലുള്ള കഹൗര ഗ്രാമത്തിലായിരുന്നു സംഭവം
ഓൾ ഇന്ത്യ പ്രഗ്നനന്റ് ജോബ് സർവീസ് എന്ന പേരിൽ ആരംഭിച്ച തട്ടിപ്പിൽ നിരവധി പേരായിരുന്നു വലയിലായത്. ‘All India Pregnant Job Service’ കൂടാതെ ‘Playboy Service’ഉം സംഘം ആരംഭിച്ചിരുന്നു. ഇവരുടെ തട്ടിപ്പ് രീതി ഇങ്ങനെ
കുട്ടികളാകാത്ത സ്ത്രീകളെ ഗർഭിണിയാക്കണം, ഇതിന് സാധിക്കുന്നവർക്ക് 10 ലക്ഷം രൂപ നൽകും, പരിശ്രമിച്ചിട്ടും സാധിക്കാതെ പോയാൽ കുറഞ്ഞത് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയും ലഭിക്കും. ഇതാണ് ജോബ് ഓഫർ!!
ജോലിക്ക് വരാൻ തയ്യാറാകുന്നവരെ ഫെയ്സ്ബുക്ക്/വാട്സ്ആപ്പ് വഴി പരസ്യങ്ങൾ നൽകി കണ്ടെത്തുന്നു. പരസ്യത്തിൽ ആകൃഷ്ടരായി നിരവധി പേർ തട്ടിപ്പുസംഘത്തെ വിളിക്കും. തുടർന്ന് രജിസ്ട്രേഷൻ എന്ന പേരിൽ അവരുടെ ആധാർ, പാൻ കാർഡ് നമ്പറുകൾ വാങ്ങുന്നു. സെൽഫി ചിത്രവും സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസായി 500 രൂപ മുതൽ 20,000 രൂപ വരെയും തട്ടിപ്പുസംഘം വാങ്ങുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് പേരിൽ നിന്ന് ഫീസ് വാങ്ങി സംഘം പണം തട്ടുകയും ചെയ്തു
സംഭവത്തിൽ നിലവിൽ മൂന്ന് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. പ്രിൻസ് രാജ്, ഭോല കുമാർ, രാഹുൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഫോണുകളും മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു.