പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവ് വിഷ്ണു ബാബുവിനെതിരെ പോക്‌സോ കേസെടുത്ത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുല്ലൂരിലെ വീട്ടിൽ വച്ച് വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.സ്വകാര്യ വിദ്യാലയത്തിലാണ് പരാതിക്കാരി പഠിക്കുന്നത്.കുട്ടിയുടെ സഹോദരനെതിരെ സ്‌കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിഷ്ണുവിനെ പെൺകുട്ടിയും മാതാവും സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവും കുടുംബവും അടുപ്പത്തിലായി. ഇതിനിടെ സെപ്റ്റംബര്‍ 18ന് മുല്ലൂരിലെ വീട്ടിലെത്തിയ വിഷ്ണു കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നു. കുട്ടിയും കുടുംബവും വിഴിഞ്ഞം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ച മറ്റൊരു സംഭവത്തിൽ എട്ടുപേർ കൂടി അറസ്റ്റിലായി. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണിൽ നിന്നാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഈ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരിശീലകരും ഒപ്പം പരിശീലനം നടത്തിയവരുമുണ്ടെന്ന് കണ്ടെത്തി. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.