സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂർ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് (ജനുവരി 10) അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്,സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് വെള്ളിയാഴ്ച അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കാൽ നൂറ്റാണ്ടിന് ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നാട്ടിലേക്ക് എത്തിച്ചതിൻ്റെ ആവേശത്തിലും സന്തോഷത്തിലുമാണ് തൃശൂർ. ആവേശകരമായ പോരാട്ടത്തിൽ വിജയിച്ച് സ്വർണക്കപ്പുമായി എത്തിയ തൃശൂർ ടീമിന് ജില്ലയിൽ വൻ സ്വീകരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ റവന്യൂ മന്ത്രി കെ രാജൻ സ്വർണക്കപ്പ് കയ്യിലേന്തി തൃശൂരിന് നേട്ടം ഒരിക്കൽ കൂടി സമ്മാനിച്ചു. ചാലക്കുടി, പുതുക്കാട്, ഒല്ലൂർ എന്നിവടങ്ങളിലും സ്വർണക്കപ്പിനെ ജനങ്ങൾ വരവേറ്റു. തൃശൂർ മോഡൽ ഗേൾസ് സ്‌കൂൾ അങ്കണത്തിൽ എത്തിയ ടീമിനെ സ്വീകരണ സമ്മേളനത്തിനായി ഘോഷയാത്രയായിട്ടാണ് ടൗൺഹാളിൽ എത്തിച്ചത്. വിദ്യാർഥികൾക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിൽ സാംസ്‌കാരിക പ്രവർത്തകരും, വിദ്യാർഥികളും, രക്ഷകർത്താക്കളും, അധ്യാപകരും പങ്കെടുത്തു.