സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ പേരിൽ സ്മാരകങ്ങളും പുരസ്കാരങ്ങളും ഏർപ്പെടുത്തുന്നതിനോട് പ്രതികരിച്ച് മകൾ അശ്വതി വി നായർ. അച്ഛൻ ഇത്തരം കാര്യങ്ങളിൽ താൽപര്യം കാണിച്ചിരുന്നില്ല എന്ന് അശ്വതി തൻറെ നൃത്ത സ്ഥാപനമായ നൃത്യാലയയുടെ ഔദ്യോഗിക ലെറ്റർപാഡിൽ തയ്യാറാക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
എംടി എന്ന സാഹിത്യകാരൻ ഏറ്റവും ഇഷ്ടപ്പെട്ടത് എഴുത്തും വായനയും ആയിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ പദ്ധതിക്ക് വൈകാതെ തുടക്കം കുറിക്കുമെന്നു അശ്വതി പ്രസ്താവനയിൽ വിശദമാക്കി.
എം ടിയുടെ പേരിൽ പുരസ്കാരങ്ങൾ നൽകുകയും സ്ഥാപനങ്ങൾക്ക് എംടിയുടെ പേര് ഇടുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ കുടുംബത്തെ സമീപിച്ച പശ്ചാത്തലത്തിൽ ആയിരുന്നു അശ്വതിയുടെ പ്രതികരണം.
അശ്വതിയുടെ വാക്കുകൾ
അച്ഛൻറെ നിര്യാണത്തിൽ നേരിട്ടും അല്ലാതെയും ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവർക്കും നന്ദി. എല്ലാവരുടെയും സഹകരണത്താൽ മരണാനന്തര ചടങ്ങുകൾ അച്ഛൻറെ ഇച്ഛാനുസരണം നടത്താൻ സാധിച്ചു. ചില സംഘടനകളും വ്യക്തികളും അവർ ഏർപ്പെടുത്തുന്ന പുരസ്കാരങ്ങൾക്കും അവരുടെ കീഴിലുള്ള ചില സ്ഥാപനങ്ങൾക്കും അച്ഛൻറെ പേര് നൽകുക എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ഈ സ്നേഹാദരങ്ങളെ മുഴുവനും ഉൾക്കൊണ്ടുതന്നെ അവരോട് ഒരു അഭ്യർത്ഥന. അദ്ദേഹത്തിന് തൻറെ പേരിൽ സ്മാരകങ്ങളോ പുരസ്കാരങ്ങളോ ഏർപ്പെടുത്തുന്നതിൽ താല്പര്യമില്ലായിരുന്നു. എംടി എന്ന വായനക്കാരന് ഏറ്റവും ഇഷ്ടപ്പെട്ടത് വായനയായിരുന്നു. അച്ഛൻ ആഗ്രഹിച്ച പോലെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ പദ്ധതിക്ക് വൈകാതെ തന്നെ തുടക്കം കുറിക്കുന്നതാണ്. അതിലേക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
സസ്നേഹം
അശ്വതി വി നായർ