ചങ്ങരംകുളം:ചെറവല്ലൂർ തെക്കെ കെട്ട് പാടശേഖരത്തിൽ ബണ്ട് പൊട്ടി കൃഷി നശിച്ച കർഷകർക്കുള്ള നെൽ വിത്തിന്റെ വിതരണ ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി നിസാര്‍ നിർവ്വഹിച്ചു.പാടശേഖരത്തിലെ വെള്ളം നൂറടി തോടിലേക്ക് പമ്പ് ചെയ്തു നിർത്തി ഞാറ് നടീൽ പൂർത്തിയായ അവസരത്തിലാണ് ബണ്ട് പൊട്ടി വെള്ളം മുഴുവൻ തിരിച്ചൊഴുകി കൃഷി നശിച്ചത്.പൊന്നാനി എം.എൽ.എ നന്ദകുമാറിന്റെയും പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവരുടെയും ശ്രമഫലമായി മൂപ്പു കുറഞ്ഞ ജ്യോതി ഇനം നെൽ വിത്താണ് നൂറു ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമായത്. ബണ്ടിന്റെ പുനർ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായതിനാൽ പാട ശേഖരത്തിലെ വെള്ളം വറ്റിക്കൽ ആരംഭിച്ചിട്ടുണ്ട്.ജനുവരി അവസാന വാരത്തിന് മുമ്പ് തന്നെ കൃഷിസ്ഥലം തയ്യാറാക്കി ഞാറ് നടീൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാട ശേഖര ഭാരവാഹികളും കർഷകരും. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്മായത്തിനും , കൂലി ചെലവിനും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് വൈസ് പ്രസിഡണ്ട് അറിയിച്ചു.പൊട്ടിയ ബണ്ട് പെട്ടെന്നു തന്നെ പുന:സ്ഥാപിച്ചു കിട്ടിയതിനും ,താമസം കൂടാതെ സമയബന്ധിതമായി മൂപ്പു കുറഞ്ഞ നെൽവിത്തു ലഭ്യമായതിലുമുള്ള ആശ്വാസത്തിലാണ് പാടശേഖര ഭാരവാഹികളും കർഷകരും.വിത്ത് വിതരണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കൃഷിയിറക്കുന്ന കാര്യങ്ങളുമായി തെക്കേക്കെട്ട് കോൾപ്പടവ് കർഷകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പാട ശേഖരസമിതി സെക്രട്ടറി മൊയ്തുവും പ്രസിഡണ്ട് ഹമീദും പറഞ്ഞു.