തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമെന്നാണ് പൊലീസ് പറയുന്നത്. ഇന്നുരാവിലെയോടെയാണ് സംഭവം. വിരുദുനഗറിലെ സതൂർ താലൂക്കിലുള്ള അപ്പയ്യനൈക്കൻപട്ടി ഗ്രാമത്തിൽ സായ്‌നാഥ് പടക്ക നിർമാണ യൂണിറ്റിലാണ് അപകടമുണ്ടായത്. രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്ന സമയത്താണ് അപകടമുണ്ടായതെന്നാണ് നിഗമനം. പൊട്ടിത്തെറിയിൽ രണ്ട് മുറികൾ തകർന്നുവീഴുകയും ഒരുമുറി പൂർണമായും തകരുകയും ചെയ്തു. അപകടസ്ഥലത്ത് അഗ്നിരക്ഷാ സേന എത്തിയിട്ടുണ്ട്. തീ അണച്ചു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.
സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ സെപ്‌തംബറിൽ ജില്ല സന്ദർശിച്ച മുഖ്യമന്ത്രി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കണമെന്ന് പടക്ക നിർമാണ ശാല ഉടമകളോട് അഭ്യർത്ഥിച്ചിരുന്നു. വിരുദുനഗറിലെ 1,150 ഫാക്ടറികളിലായി ഏകദേശം നാല് ലക്ഷം തൊഴിലാളികൾ പടക്ക വ്യവസായത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ പടക്ക ഉൽപാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ്.
ഇന്നലെ പുലർച്ചെ അവിനാശി റോഡ് ഫ്ലൈഓവറിൽ 18 ടൺ എൽപിജിയുമായി പോവുകയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം നടന്നിരുന്നു. ഇതിനെത്തുടർന്ന് പ്രദേശത്ത് വാതകം പരക്കുകയും ചെയ്തതായി കോയമ്പത്തൂർ ജില്ലാ കളക്‌ടർ പറഞ്ഞു. ഇതിന് പിന്നാലെയാണ് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറിയുണ്ടായത്.