കണ്ണൂർ: കേരളത്തിലേക്ക് 20 കോച്ചുള്ള ഓറഞ്ച് നിറത്തിലുള്ള വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തി. 16 കോച്ചുള്ള തിരുവനന്തപുരം- കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിൻ വെള്ളിയാഴ്ച തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തി.പുതിയ റേക്ക് ഉപയോഗിച്ചുള്ള തിരുവനന്തപുരം- കാസർഗോഡ് സർവീസ് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. 20 കോച്ചുകളിലായി 1440 പേര്‍ക്ക് യാത്ര ചെയ്യാനാകും. നേരത്തെ16 കോച്ചുകളുള്ള ട്രെയിനിൽ 1128 സീറ്റുകളാണ് ഉണ്ടായിരുന്നത്. മിക്ക ദിവസങ്ങളിലും 150ന് മുകളിൽ വെയിറ്റിങ് ലിസ്റ്റുള്ള ട്രെയിനിൽ അധികമായി 312 സീറ്റുകൾ കൂടി ലഭിക്കുന്നത് യാത്രക്കാർക്ക് പ്രയോജനകരമാകും.18 ചെയർ കാർ കോച്ചുകളും 2 എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമാണ് 20 കോച്ച് ട്രെയിനുകളിലുള്ളത്. കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരതിലും ഇതേ കോച്ച് ക്രമത്തിനാണ് സാധ്യത.അതേസമയം, ഒഴിവാക്കുന്ന 16 കോച്ചുകളുള്ള ട്രെയിൻ ആലപ്പുഴ വഴിയുളള തിരുവനന്തപുരം- മംഗളൂരു സർവീസിന് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോൾ ഇതിൽ 8 കോച്ചുകളാണുള്ളത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് പാലക്കാട് ഡിവിഷനും കോട്ടയം വഴിയുള്ള വന്ദേഭാരത് തിരുവനന്തപുരം ഡിവിഷനുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്.20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസമായി കിടക്കുകയായിരുന്നു. ഇതാണ് കേരളത്തിലേക്കെത്തിച്ചത്.കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം. മൂന്നുവർഷത്തിലൊരിക്കലാണ് ഇത്തരം ഷെഡ്യൂൾ വരിക. അതിനുശേഷം കേരളത്തിലെ എട്ട് കോച്ചുള്ള വണ്ടി 20ലേക്ക് മാറുമെന്നാണ് സൂചന.ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടിയാണ് തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത്. (100 സീറ്റുള്ള വണ്ടിയിൽ ഇറങ്ങിയും കയറിയും 200ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു). വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. കേരളത്തിലെ 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20 ന് കാസർഗോഡ് എത്തുന്നു. മടക്കയാത്രയിൽ, കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10.35 ന് തിരുവനന്തപുരത്ത് എത്തുന്നു. ചെയർ കാറിന് 1520 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2815 രൂപയുമാണ് നിരക്ക്. ഇതിൽ കാറ്ററിംഗ് ചാർജുകളും ഉൾപ്പെടുന്നു. യാത്രക്കാർക്ക് സൗകരാർത്ഥം കാറ്ററിംഗ് സേവനങ്ങൾ ഒഴിവാക്കാം. 2023 ന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തത്.