പുതുവർഷത്തിൽ ഉയർത്തെഴുന്നേൽപ്പിന് ബൃഹത് പദ്ധതികളുമായി കേരള കലാമണ്ഡലം.
പുതിയ കലാമണ്ഡലത്തിലും 1930ൽ വള്ളത്തോൾ നാരായണനും മണക്കുളം മുകുന്ദരാജയും ചേർന്ന്
സ്ഥാപിച്ച പഴയ കലാമണ്ഡലമായ നിള ക്യാമ്പസിലും ഇതിനുവേണ്ടി നിരവധി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 1.5 കോടി രൂപ ചെലവഴിച്ച് നിള ക്യാമ്പസ് സൗന്ദര്യവൽക്കരിച്ച് പണി പൂർത്തീകരിച്ചു. പുതിയ കലാമണ്ഡലത്തിൽ പ്ലാറ്റിനം ജൂബിലി സ്മാരക കവാടം 2005ൽ പണികഴിപ്പിച്ചെങ്കിലും ഇതുവരെയും തുറന്നു കൊടുക്കാറായിട്ടില്ല. ഈ മാസംതന്നെ കവാടം തുറന്ന് പ്രവേശനം മുൻവശത്ത് കൂടെ ആക്കുകയാണ് ആദ്യ ലക്ഷ്യം.
ഇതിനുവേണ്ടി രണ്ടുകോടിയോളം രൂപ ചെലവഴിച്ച് സെക്യൂരിറ്റി റൂം, പ്രധാന പാത എന്നിവ ഇതുവഴിയാകും. ഇതോടെ കൂത്തമ്പലത്തിനു മുൻവശത്തെയും ആർട്ട് ഗാലറിക്ക് സമീപമുള്ള പാതയും താൽക്കാലികമായി അടച്ചിടും. നിള ക്യാമ്പസിലേക്ക് പൊതുജനങ്ങളെ ആകർഷിക്കുന്നതിനായുള്ള പദ്ധതികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇതിലൂടെ കലാമണ്ഡലത്തിൻ്റെ തനത് ഫണ്ട്
വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ
നിള ക്യാമ്പസിലെ പഴയ കൂത്തമ്പലം ഉൾപ്പെടെ നവീകരിച്ച് കലാസാംസ്കാരിക പരിപാടികൾക്ക് ദിവസം 25,000 രൂപ വാടകയ്ക്ക് നൽകും. വാരാന്ത്യത്തിൽ രാത്രി 8.30വരെ പൊതുജനങ്ങളെ ആകർഷിക്കുന്നതിനായി വിവിധ പരിപാടികൾ നടത്തും. കലാസാംസ്കാരിക സമ്മേളനങ്ങൾക്ക് വേദിയാക്കും. വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതിന് ഹസ്വമായ കോഴ്സുകൾ നടത്തും.
ഗുണങ്ങൾ
പുറം പരിപാടികൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിനാൽ 5 ലക്ഷത്തോളം രൂപ കലാമണ്ഡലത്തിന് ലഭിച്ചു.
പുതുവത്സര പരിപാടിയോട് അനുബന്ധിച്ച് വലിയ പരിപാടികൾ സംഘടിപ്പിക്കുകയും 5 ലക്ഷത്തോളം
വരുമാനം കണ്ടെത്താനായി. ഹ്രസ്വകാല കോഴ്സിലൂടെ ഫണ്ട് വർദ്ധിപ്പിക്കാം. വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിലൂടെ ടൂറിസം സാധ്യത വർധിക്കും.
പഠിക്കാനാളില്ല
കഴിഞ്ഞവർഷം കലാമണ്ഡലത്തിൽ പ്രവേശനം നേടിയത് 44 കുട്ടികൾ അധികവും നൃത്തവിഭാഗത്തിനും, ചെണ്ട വിഭാഗത്തിനും.14 ഓളം വകുപ്പുകൾ ഉണ്ടെങ്കിലും പല വിഭാഗങ്ങളിലും ഓരോ കുട്ടികൾ മാത്രം.
കഴിഞ്ഞവർഷം കഥകളി പുരുഷ വേഷത്തിൽ ആരും അഡ്മിഷൻ എടുത്തില്ല. തനത് ഫണ്ട് കണ്ടെത്തുന്നതിനും വിദേശ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും കലാമണ്ഡലത്തിലേക്ക് ആകർഷിക്കാനും ബൃഹത് പദ്ധതികൾ ആലോചനയിൽ ഉണ്ട്. വരും ദിവസങ്ങളിൽനടപ്പാക്കും.