തിരുവനന്തപുരം: ക്രിസ്മസ്, പുതുവർഷ അവധിക്കാലത്തെ യാത്രയ്ക്ക് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്കും കേരളത്തിൽനിന്നും പുറത്തേക്കും സർവീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയിൽവേ സോണുകളിലായി 149 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർഥന മാനിച്ചാണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഞായർ (22.12.2024) രാവിലെ എട്ടുമണി മുതൽ ആരംഭിക്കും എന്ന് ദക്ഷിണ റെയിൽവേ വിഭാഗം അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് യശ്വന്ത്പുരിൽനിന്നും മംഗലാപുരം വരെയും തിരിച്ചുമുള്ള രണ്ട് സ്പെഷ്യൽ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും എന്ന് തെക്ക്-പടിഞ്ഞാറൻ റെയിൽവേ വിഭാഗം അറിയിച്ചു. 20 കോച്ചുകൾ അടങ്ങുന്നതാണ് ഈ സ്പെഷ്യൽ ട്രെയിനുകൾ.







