അര്‍ജന്റീന തുടര്‍ച്ചയായി കിരീടങ്ങള്‍ സ്വന്തമാക്കിയാല്‍ 2026 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. 2022 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ലയണല്‍ മെസ്സിയും സംഘവും ചാമ്പ്യന്മാരായത്. വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി ലക്ഷ്യമിടുകയാണ്.’തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ നേടിയ ഏതെങ്കിലും ദേശീയ ടീമുണ്ടോ?’, എഎഫ്എ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹം ചോദിച്ചു. ‘അര്‍ജന്റീന തുടര്‍ച്ചയായ രണ്ട് തവണ ലോക ചാമ്പ്യന്മാരായാല്‍ ഞാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കും. ഞാന്‍ നിങ്ങള്‍ക്ക് വാക്കുതരികയാണ്. ആ ലോകകപ്പിന് ശേഷം ഞാന്‍ കളമൊഴിയും’, മാര്‍ട്ടിനസ് പറഞ്ഞു.2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനാണ് ആല്‍ബിസെലസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. 2022ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടിരുന്നു. അടുത്ത ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ലയണല്‍ മെസ്സിക്കും സംഘത്തിനും സാധിച്ചാല്‍ ഇറ്റലിക്കും ബ്രസീലിനുമൊപ്പം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി മാറാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കും.










