പൊന്നാനി: വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി പനമ്പാട് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി.ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ഭരണകാലത്ത് വൈദ്യുത മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് വിലകുറച്ച് വൈദ്യുതി വാങ്ങുന്നതിന് ഉണ്ടാക്കിയ കരാർ ഒഴിവാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയ ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് കുറ്റപ്പെടുത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡണ്ട് വി. ചന്ദ്രവല്ലി, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, സംഗീത രാജൻ, എൻ.പി നബീൽ, കെ.ജയ പ്രകാശ്, ടി. നൂറുദ്ദീൻ, എം. അബ്ദുല്ലത്തീഫ്, ടി.മാധവൻ, എ.കെ. അലി എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് എം. രാമനാഥൻ,എൻ.പി സുരേന്ദ്രൻ, കെ.വി സുജീർ, എം.കെ റഫീഖ്, ഹിളർ കാഞ്ഞിരമുക്ക് എന്നിവർ നേതൃത്വം നൽകി.