കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ റോഡ് സൈഡുകളിൽ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്തു തുടങ്ങി.ഇവയെല്ലാം സ്ഥാപിച്ചവർക്കെതിരെയും നടപടിയും പിഴയും ഉണ്ടാകും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കുന്നംകുളം നഗരസഭയുടെ അടിയന്തര നടപടി.ഇന്നലെ മുതലാണ് കുന്നംകുളം പട്ടണത്തിലും മറ്റും പ്രധാന റോഡരികുകളിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ബോർഡുകളും പ്രോഗ്രാം ബോർഡുകളും ബാനറുകളും എല്ലാം നീക്കം ചെയ്തു തുടങ്ങിയത്. ആരോഗ്യ വിഭാഗത്തിന്റെ കീഴിലുള്ള ജീവനക്കാരാണ് ഇവ പൊളിച്ചു മാറ്റുന്നത്. റവന്യൂ ഉദ്യോഗസ്ഥരും, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും നടപടികൾക്ക് നേതൃത്വം നൽകുന്നു. ടൗണിൽ പല ഭാഗത്തും വലിയ രീതിയിൽ അനധികൃത ബോർഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്.ഇങ്ങനെ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഉത്തരവ് കർശനമാക്കിയതിനെ തുടർന്നാണ് നഗരസഭ നടപടിക്ക് രംഗത്തിറങ്ങിയിട്ടുള്ളത്. ഇത്തരത്തിൽ അനധികൃത ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ബോർഡുകളിലെ അഡ്രസ്സുകളും ഫോൺ നമ്പറുകളും ശേഖരിച്ച് പിഴ ഈടാക്കുന്നുണ്ട്.സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾക്ക് ഇതുപ്രകാരം നഗരസഭയിൽ ഫീസ് അടക്കേണ്ടിയും വരും.