ചങ്ങരംകുളം:പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫ്രീ ബീയിങ് മി’ (Free Being Me) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മീഷണർ യാസിർ ക്ലാസിന് നേതൃത്വം നൽകി.സൗന്ദര്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റായ സങ്കൽപ്പങ്ങളെക്കുറിച്ചും സ്വന്തം ശരീരത്തെ സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർഥിനികളുമായി സംവദിച്ചു.ശരീരത്തിന്റെ രൂപത്തെച്ചൊല്ലിയുള്ള പരിഹാസങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഓരോരുത്തരും സ്വന്തം തനിമയിൽ സുന്ദരികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഗ്രൂപ്പ് ആക്ടിവിറ്റികൾ, ഗെയിമുകൾ,ചർച്ചകൾ എന്നിവയിലൂടെ വിദ്യാർഥിനികൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. “ഞാൻ എന്നെപ്പോലെ തന്നെ മനോഹരിയാണ്” എന്ന സന്ദേശം കുട്ടികൾ ഏറ്റെടുത്തു.റേഞ്ചർ ലീഡർ കെ. സുവിത സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ അധ്യക്ഷത വഹിച്ചു.







