കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിനെതിരെ പാർട്ടി വക്താവ് ഡോക്ടർ ജിന്റോ ജോൺ. ലീഡറുടെ മകളെയല്ല, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ ബോധമുള്ളവരെയാണ് സ്വാഗതം ചെയ്യേണ്ടതെന്ന് ജിന്റോ ജോൺ തുറന്നടിച്ചു. ആക്ഷേപിച്ചു പോയവർക്ക് തിരികെ കയറാൻ കോൺഗ്രസ് വഴിയമ്പലം അല്ലെന്നും ജിന്റോ ജോൺ പറഞ്ഞു.
കോൺഗ്രസിൽ നെപ്പോകിഡ്ഡുകളുടെ കാലം കഴിഞ്ഞുവെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയുക പോലും ചെയ്യാത്തവർക്ക് വേണ്ടി പരവതാനി വിരിക്കുന്നുവെന്നും ജിന്റോ പറഞ്ഞു. സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണമെന്ന് അദേഹം ആവശ്യപ്പെട്ടു. പത്മജയെ ചേർത്ത് നിർത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കൾ പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ജിന്റോയുടെ വിമർശനം.
സാധാരണ പ്രവർത്തകരെ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്ന് ജിന്റോ ജോൺ ആവശ്യപ്പെട്ടു. ആക്ഷേപിച്ച് ഇറങ്ങിപ്പോയവർ തിരികെ വരുമ്പോൾ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണമെന്ന് അദേഹം കൂട്ടിച്ചേർത്തു. കെ കരുണാകരന്റെ ലെഗസിയുമായാണ് പത്മജ ബിജെപിയിൽ പോയിരുന്നത്. അവര് കോൺഗ്രസിലേക്ക് വരുന്നതിന് എതിരല്ല. എന്നാൽ ബിജെപിയിലേക്ക് പോകുന്നതിന് മുൻപ് പറഞ്ഞ പ്രസ്താവനകൾ യോജിക്കാവുന്നതല്ല. കോൺഗ്രസിലേക്ക് തിരികെ വരുമ്പോൾ ബിജെപിയെ വിമർശിക്കാൻ പോലും അവർ തയാറല്ലെന്ന് ജിന്റോ ജോൺ വിമർശിച്ചു. ആര് സ്വാഗതം ഓതിയതുകൊണ്ട് കാര്യമില്ല പാർട്ടി പ്രവർത്തകരുടെ മനസിൽ ഇടം നേടണം. അതിന് പൊളിറ്റിക്കൽ വ്യക്തത വേണമെന്ന് ജിന്റോ ജോൺ പറഞ്ഞു.
അതേസമയം കോൺഗ്രസിലേക്ക് മടങ്ങാൻ താത്പര്യമറിയിക്കാൻ പത്മജ വേണുഗോപാലിന്റെ നീക്കം സജീവം. ഇക്കാര്യമറിയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഉടൻ കത്ത് കൈമാറിയേക്കും. അണികൾക്കിടയിലെ ആശയ കുഴപ്പം നീക്കി പത്മജയെ സ്വാഗതം ചെയ്യാനാണ് നേതൃത്വത്തിന്റെ ആലോചന.







